ലക്‌നൗ: പശ്ചിമ ബംഗാളിലെ വർഗീയാക്രമണത്തിൽ മമത ബാനർജിയുടെ മൗനത്തെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുർഷിദാബാദിലെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായിട്ടും സംസ്ഥാന സർക്കാർ നിസ്സംഗത പാലിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കലാപകാരികളെ ‘സമാധാനത്തിന്റെ ദൂതന്മാർ’ എന്ന് വിശേഷിപ്പിക്കുന്ന മമത ബാനർജിയുടെ നിലപാട് പ്രതിഷേധാർഹമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
“ബംഗാൾ കത്തിയെരിയുകയാണ്. എന്നിട്ടും മുഖ്യമന്ത്രി നിശ്ശബ്ദത പാലിക്കുന്നു. ശക്തിയുടെ ഭാഷ മാത്രം മനസ്സിലാക്കുന്നവർക്ക് വാക്കുകൾ മനസ്സിലാകില്ല. മതേതരത്വത്തിന്റെ പേരിൽ കലാപകാരികൾക്ക് അഴിഞ്ഞാടാൻ സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി മുർഷിദാബാദ് കത്തിയെരിഞ്ഞിട്ടും സർക്കാർ അനങ്ങുന്നില്ല. ഈ അരാജകത്വം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്,” യോഗി ആദിത്യനാഥ് പറഞ്ഞു.
മുർഷിദാബാദിലെ കലാപങ്ങളിൽ കോൺഗ്രസിന്റെയും സമാജ്‌വാദി പാർട്ടിയുടെയും മൗനത്തെയും അദ്ദേഹം വിമർശിച്ചു. “ന്യൂനപക്ഷമായ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സേനയെ വിന്യസിച്ച നീതിന്യായ വ്യവസ്ഥയെ ഞാൻ അഭിനന്ദിക്കുന്നു. മുർഷിദാബാദിലെ കലാപങ്ങളിൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും അർത്ഥഗർഭമായ മൗനം പാലിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
വഖഫ് (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധം മുതലെടുത്ത് കഴിഞ്ഞയാഴ്ച പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. അനേകായിരങ്ങൾ ജില്ല വിട്ട് അയൽ ജില്ലയായ മാൾഡയിലേക്ക് പലായനം ചെയ്തു. വീടുകളും കടകളും അഗ്നിക്കിരയാക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.
തിങ്കളാഴ്ച സൗത്ത് 24 പർഗാനാസിലെ ഭാംഗറിലും വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. കൽക്കട്ട ഹൈക്കോടതിയുടെ നിർദേശപ്രകാരം അക്രമം നിയന്ത്രിക്കാൻ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. കലാപങ്ങളുമായി ബന്ധപ്പെട്ട് 150 പേരെ പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു.
ഇതിനിടെ ബംഗാളിൽ സി പി എം അനുഭാവികൾക്കെതിരെയും രൂക്ഷമായ ആക്രമണം നടക്കുകയാണ്. പാർട്ടിവ്യത്യാസമില്ലാതെ ഹിന്ദുക്കളെയാണ് ആക്രമിക്കുന്നത്.
Discussion about this post