ലഖ്നൗ : അയോധ്യ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് സൈബർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച രാത്രി രാമജന്മഭൂമി ട്രസ്റ്റിന്റെ ഇ മെയിലിലേക്ക് ഒരു മെയിൽ ലഭിക്കുകയായിരുന്നു. രാമക്ഷേത്രം ബോംബ് വെച്ച് തകർക്കാൻ ചിലർ പദ്ധതിയിടുന്നുണ്ടെന്നും ക്ഷേത്രത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കണമെന്നും ആയിരുന്നു ഇ മെയിലിൽ ആവശ്യപ്പെട്ടിരുന്നത്.
തമിഴ്നാട്ടിൽ നിന്നുമാണ് ഈ സന്ദേശം എത്തിയത് എന്ന് സൈബർ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭീഷണി മെയിൽ ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഈ മേഖലയിൽ വൻതോതിൽ തിരച്ചിൽ നടത്തി. അയോധ്യയ്‌ക്കൊപ്പം ബരാബങ്കിയിലും മറ്റ് അയൽ ജില്ലകളിലും അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഉത്തർപ്രദേശ് പോലീസ് വ്യക്തമാക്കി.
ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് അയോധ്യയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ കർശനമാക്കി. ആരാണ് ഈ സന്ദേശം അയച്ചത് എന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് സൈബർ പോലീസ്. 2024-ൽ ഉത്തർപ്രദേശിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലമായി അയോധ്യയിലെ രാമക്ഷേത്രം താജ്മഹലിനെ പോലും മറികടന്നിരുന്നു. സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റും ഏകദേശം നാല് കിലോമീറ്റർ വിസ്തൃതിയുള്ള സുരക്ഷാ മതിൽ പണിയുന്നുണ്ടെന്നും 18 മാസത്തിനുള്ളിൽ ഇത് പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിർമ്മാണ സമിതി ചെയർപേഴ്‌സൺ നൃപേന്ദ്ര മിശ്ര അറിയിച്ചു.
Discussion about this post