ന്യൂഡൽഹി : പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായി (ബി ആർ ഗവായി) തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയ സഞ്ജീവ് ഖന്ന വിരമിക്കുന്നതോടെയാണ് നിലവിലെ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസ് ആയ ബി ആർ ഗവായി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് എത്തുന്നത്. സഞ്ജീവ് ഖന്ന തന്നെയാണ് പുതിയ ചീഫ് ജസ്റ്റിസ് ആയി ബി ആർ ഗവായിയുടെ പേര് നിർദ്ദേശിച്ചത്.
മെയ് 13ന് ആണ് നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്. മെയ് 14 ന് 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഗവായി സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ആയിരിക്കും പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് സത്യ വാചകം ചൊല്ലി കൊടുക്കുക. 2025 നവംബറിൽ വിരമിക്കുന്നതിനാൽ ജസ്റ്റിസ് ഗവായിയുടെ കാലാവധി ആറ് മാസം മാത്രമായിരിക്കും.
2019 മെയ് 24 ന് ആണ് ജസ്റ്റിസ് ഗവായി സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. 1960 നവംബർ 24 ന് ആന്ധ്രപ്രദേശിലെ അമരാവതിയിലാണ് ഭൂഷൺ രാമകൃഷ്ണ ഗവായ് ജനിച്ചത്. 1985 മാർച്ച് 16 ന് അദ്ദേഹം അഭിഭാഷകനായി സേവനം ആരംഭിച്ചു. 2005 നവംബർ 12 ന് ജസ്റ്റിസ് ബി ആർ ഗവായ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി. അതിനുശേഷം, സുപ്രധാന വിധിന്യായങ്ങൾ പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ നിരവധി ഭരണഘടനാ ബെഞ്ചുകളുടെ ഭാഗമായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ 2019 ലെ തീരുമാനം ഏകകണ്ഠമായി ശരിവച്ച അഞ്ച് ജഡ്ജിമാരുടെ ബെഞ്ചിലും അദ്ദേഹം അംഗമായിരുന്നു.
Discussion about this post