ഷൈൻ ടോം ചാക്കോമാരും പ്രത്വിരാജൻമാരും കേരള യുവതയുടെ റോൾ മോഡലുകൾ ആവുമ്പോൾ !
ഭയാനകമായ ഒരു ട്രൂ സ്റ്റോറിയാണ് താഴെ വിവരിക്കുന്നത്. ആ കുടുംബത്തിൻറെ സ്വകാര്യത മാനിച്ച് അല്പസ്വല്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്..
വളരെ കാലത്തിനുശേഷമാണ് പഴയ സഹപാഠിയും മറ്റൊരു അമ്മയുടെ ഗർഭപാത്രത്തിൽ പിറന്ന സഹോദരനുമായ മിത്രത്തെ കാണാൻ പോയത്. എന്തുകൊണ്ടോ അദ്ദേഹം മറ്റുള്ളവരിൽ നിന്നൊക്കെ അകന്നായിരുന്നു ജീവിച്ചിരുന്നത്. പ്രതീക്ഷിക്കാതെ കിട്ടിയ ഉയർന്ന ജോലിയും നല്ല ജീവിത സാഹചര്യങ്ങളും ഒക്കെയാണ് കാരണമെന്നാണ് ചിലരൊക്കെ പറഞ്ഞു കേട്ടത്.
ആറുമാസം മുമ്പ് മറ്റൊരു സുഹൃത്തിൻറെ വീട്ടിൽവച്ചാണ് യാദൃശ്ചികമായി പുള്ളിയെയും ഭാര്യയേയും വളരെക്കാലത്തിന് ശേഷം കണ്ടത്. പഴയതും പുതിയതും ആയിട്ടുള്ള കുറെ കാര്യങ്ങളൊക്കെ സംസാരിച്ചു . ഫോൺ നമ്പർ ഒക്കെ വാങ്ങി പിരിഞ്ഞു.
തിരക്ക് കൊണ്ടാവണം, അതിനുശേഷം എനിക്ക് അദ്ദേഹത്തെ വിളിക്കാൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ പുള്ളിയുടെ കോൾ, ഒന്ന് കാണണമെന്നുണ്ട് വീട്ടിലേക്ക് വരാമോ എന്നൊക്കെ ചോദിച്ചു. അയാളുടെ വീട്ടിൽ ഞാൻ ഒരുപാട് ദിവസം ഉണ്ടുറങ്ങിയിട്ടുണ്ട്, അവിടത്തെ അമ്മയുമായിട്ട് നല്ല അടുപ്പവും ഉണ്ട്.
അത്യാവശ്യം എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അത്യാവശ്യമൊന്നുമില്ല കണ്ട് കുറച്ചു കാര്യങ്ങൾ സംസാരിക്കണം എന്നു മാത്രം പറഞ്ഞു.
അടുത്ത ഞായറാഴ്ച രാവിലെ തന്നെ ഞാൻ അയാളുടെ വീട്ടിലെത്തി. അപ്പോൾ കണ്ടത് ഗുരുതരം അല്ലാത്ത എന്നാൽ സാരമായി പൊള്ളലേറ്റ് കിടപ്പിലായ അമ്മയെ ആണ്. എങ്ങനെ പറ്റി എന്ന് ചോദിച്ചപ്പോൾ കൃത്യമായ മറുപടി പറയാതെ എന്റെ മുഖത്തേക്ക് നോക്കി ആള് കരയാൻ തുടങ്ങി. എന്തോ പന്തികേടുണ്ട് എന്ന് തോന്നിയെങ്കിലും അയാളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ഒന്നും ചോദിക്കാതെ വെറുതെ ഇരുന്നു. ആ ഇരുപ്പ് ഏകദേശം ഒരു 20 മിനിറ്റ് തുടർന്ന് കാണണം. കണ്ണിൽ നിന്നും കണ്ണീരല്ലാതെ പുള്ളി ഒന്നും പറഞ്ഞില്ല ഞാനൊട്ട് ചോദിച്ചതുമില്ല.
കുറച്ചു സമയം കഴിഞ്ഞു മുകളിലത്തെ നിലയിൽ നിന്നും ആറടിയിലേറെ ഉയരമുള്ള അത്യാവശ്യം ഭാരവുമുള്ള ഒരു ചെറുപ്പക്കാരൻ താഴേക്ക് ഇറങ്ങി വരുന്നു. അത് അയാളുടെ മകനാണ്. ആ കുട്ടിയെ ഞാൻ അഞ്ചു വയസ്സുള്ളപ്പോഴോ മറ്റോ കണ്ടതാണ്. Financial prosperity കൊണ്ടാവും, കേവലം 18 വയസ്സുകാരനായ ആ കുട്ടിക്ക് തൻ്റെ മാതാപിതാക്കളെക്കാൾ പൊക്കവും തൂക്കവും ഒക്കെയുണ്ട്. അലക്ഷ്യമായ മുടിയും മുഷിഞ്ഞ വേഷവും.
മകൻ പോയിക്കഴിഞ്ഞപ്പോൾ അയാൾ സംസാരിച്ചു തുടങ്ങി.
“എൻറെ അമ്മയ്ക്ക് പൊള്ളലേറ്റതല്ല മകൻ കത്തിച്ചതാണ് !”
പെട്ടെന്നുണ്ടായ ഷോക്ക് പുറത്ത് കാണിക്കാതെ ഞാൻ നിശബ്ദനായിരുന്നു.
അദ്ദേഹം തുടർന്നു ..
“ഒന്നിനും ഒരു കുറവ് വരുത്താതെയാണ് ഞങ്ങൾ ഇവനെ വളർത്തിയത്.ഇവന് താഴെ മൂന്നു വയസ്സിന് എളുപ്പമുള്ള ഒരു പെൺകുട്ടിയും ഉണ്ട്. ആദ്യത്തെ കുട്ടി ആയതുകൊണ്ട് അല്പം സ്നേഹവും വാത്സല്യവും ഒക്കെ അളവിൽ കൂടുതൽ കൊടുത്തു. വളരെ നല്ല കുഞ്ഞായിരുന്നു. പ്രായത്തിൽ കൂടുതൽ ശരീര വളർച്ചയുണ്ടായതുകൊണ്ട് ആവണം അവനെക്കാൾ പ്രായമുള്ള കൂട്ടുകാരും അവനുണ്ടായി.”
“അങ്ങനെ തിരുവനന്തപുരം പട്ടം സെൻറ് മേരീസ് സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവന് ചില മാറ്റങ്ങൾ ഉണ്ടായത്.”
“കതക് ഉള്ളിൽ നിന്നും കുറ്റി ഇടുന്ന പുതിയ രീതി പ്രത്യക്ഷപ്പെടുകയും കതക് തുറന്നിടാൻ ആരെങ്കിലും പറഞ്ഞാൽ നീരസം കാണിക്കുകയും ചെയ്യാൻ തുടങ്ങി.
ഒറ്റനോട്ടത്തിൽ തന്നെ അത്ര പന്തിയല്ല എന്ന് തോന്നുന്ന തരത്തിലുള്ള ചില കൂട്ടുകാരൊക്കെ അവനെ കാണാൻ വരാൻ തുടങ്ങി. വരുന്നവർ വീട്ടിൽ കയറാതെ അല്പം മാറി നിന്ന് ഇവനുമായി സംസാരിച്ചിട്ടാണ് പോകാറ്.
മകൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ ഓഫീസ് കഴിഞ്ഞ് വീട്ടിൽ വന്ന സമയം മുറിക്കകത്ത് തകർന്ന് കിടക്കുന്ന വാഷ്ബേസിൻ കണ്ടു. ചോദിച്ചപ്പോൾ എങ്ങനെയോ വീണതാണ് എന്ന് പറഞ്ഞു. എൻ്റെ ഭാര്യ പോലും അന്ന് മറ്റൊന്നും വിട്ടു പറഞ്ഞില്ല, എങ്കിലും വീട്ടിലെ മറ്റ് അംഗങ്ങളുടെ മുഖഭാവത്തിൽ നിന്നും എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതായി എനിക്ക് തോന്നി.”
“മകനോട് ഇതേപ്പറ്റി സംസാരിച്ചപ്പോഴാണ് അവനുള്ള വ്യത്യാസങ്ങൾ ഞാൻ ശ്രദ്ധിച്ചത്. വളരെ അസഹിഷ്ണുതയോടു കൂടി ഞാൻ പറയുന്ന കാര്യങ്ങളെ കേൾക്കുകയും. വെറുതെ ഉപദേശിക്കാൻ വരണ്ട എനിക്ക് അതൊക്കെ അറിയാം എന്ന് ഉച്ചത്തിൽ അലറുകയൊക്കെ ചെയ്യുകയും ഒക്കെ ചെയ്തു.
തുടർന്ന് ഇവൻ കുളിമുറിയിൽ പോയ നേരം നോക്കി ഞാൻ ഇവൻറെ ഫോൺ പരിശോധിക്കുകയും അവൻ എംഡി എം എ സ്ഥിരമായിട്ട് ഉപയോഗിക്കുകയും അതിൻറെ ഇടപാട് നടത്തുകയും ചെയ്യുന്ന വ്യക്തിയും ആണെന്ന് മനസ്സിലാക്കുകയും ചെയ്തു. ”
“മൂന്നുതവണ ഡിഅഡിക്ഷൻ സെൻ്ററിൽ കൊണ്ടുപോവുകയും അഞ്ചുതവണ കൗൺസിലിംഗ് നടത്തുകയും ചെയ്തു . വലിയ മാറ്റം ഒന്നും ഉണ്ടായില്ല.”
“ഒരു ദിവസം അവൻ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞിട്ട് – അച്ഛാ എനിക്ക് ഇതൊക്കെ നിർത്താൻ ആവുന്നില്ല എന്നെ അങ്ങ് കൊന്നു കളഞ്ഞേക്കൂ എന്നു പറഞ്ഞു. അവനെ ചികിത്സിച്ച ഡോക്ടർ പോലും കൈമലർത്തി , ഒപ്പം അവൻ അപകടകാരിയാണ് സൂക്ഷിക്കണം എന്നുള്ള നിർദ്ദേശവും.
നാലുദിവസം മുമ്പ് എന്തോ നിസ്സാര കാലത്തിന് വഴക്കിട്ടിട്ടാണ് അടുക്കളയിൽ നിൽക്കുകയായിരുന്ന എൻറെ അമ്മയുടെ സാരിയിൽ തീ പടർത്തിയത്.
അതിനുശേഷം പൊട്ടിക്കരഞ്ഞ അവന് ചെയ്ത പ്രവർത്തി തെറ്റാണ് എന്ന് മനസ്സിലായെങ്കിലും MDMA ഉപയോഗം നിർത്താനോ അതിൽനിന്നു പുറത്തുവരാനോ കഴിയുന്നില്ല.”
“ഇപ്പോൾ അവൻ്റെ മരണമാണ് ഞങ്ങളുടെ കുടുംബം ആഗ്രഹിക്കുന്നത് !!”
Discussion about this post