തിരുവനന്തപുരത്ത് ഡോക്ടർ ഹെഡ്ഗേവാർ റോഡ് വന്നത് കോൺഗ്രസിൻ്റെയും ലീഗിൻ്റെയും പിന്തുണയോടെയെന്ന് മുതിർന്ന ബിജെപി നേതാവ് എംഎസ് കുമാർ. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്ക് മുൻപിലുള്ള പ്രധാന റോഡിനാണ് ഡോക്ടർ ഹെഡ്ഗേവാർ റോഡ് എന്ന പേര് പതിറ്റാണ്ടുകൾക്ക് മുൻപേയുള്ളത്. 1988- 1993 കാലത്താണ് ഇത് സംഭവിച്ചതെന്നും സിപിഎമ്മിൻ്റെ ചെറിയ എതിർപ്പോട് കൂടിയായിരുന്നു പേര് ഇട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി. ചരിത്രം പഠിക്കുകയും അറിയുകയും ചെയ്യാതെ രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ള നേതാക്കൾ പാലക്കാട് സമരം ചെയ്യുന്നത് കാണുമ്പോൾ പഴയ ചിലതു ഓർത്തുവെന്നേ ഉള്ളുയെന്ന് എംഎസ് പത്മകുമാർ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
1988- 1993 കാലം. തിരുവനന്തപുരം നഗരസഭ വർഷങ്ങളായി ഭരിച്ചിരുന്നത് സി പി എം. നഗരത്തിലെ പ്രധാന നേതാക്കൾ എല്ലാം കാലങ്ങളായി അവരുടെ കൗൺസിലർമാറായിട്ടുണ്ട്. കോസല രാമദാസ്, കരമന സോമൻ, കളിപാൻകുളം സോമൻ,എം പി പദ്മനാഭൻ, സ്റ്റാൻലി സത്യനേശൻ, തുടങ്ങി അന്നത്തെ ജില്ലയിലെ പ്രധാന നേതാക്കളെല്ലാം തുടർച്ചയായി നഗരം ഭരിച്ചിരുന്നവരാണ്. 1988 ൽ തെരഞ്ഞടുക്ക പെട്ട 50 അംഗങ്ങളിലും ഭൂരിപക്ഷം അവർക്കായിരുന്നു. ജയൻബാബു, കരമന ഹരി, എം പി പദ്മനാഭൻ, സ്റ്റാൻലി സത്യ നേശൻ, തുടങ്ങിയ നേതാക്കൾ ഈ സമയത്തും കൗൺസിലിൽ ഉണ്ടായിരുന്നു ബിജെപി ക്ക് ഞാൻ അടക്കം 6 പേരും. ആ കൗൺസിൽ കാലാവധിയിൽ കൃത്യമായ വർഷം ഓർക്കുന്നില്ല. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്ക് മുൻപിലുള്ള പ്രധാന റോഡിനു ഡോക്ടർ ഹെഡ്ഗേവാർ റോഡ് എന്ന് നാമകരണം ചെയ്തു ബോർഡ് സ്ഥാപിക്കണം എന്ന ഈ ഉള്ളവൻ അവതരിപ്പിച്ച പ്രമേയം സി പി എം ന്റെ ചെറിയ എതിർപ്പിനെ അവഗണിച്ചും പാസ്സായത് കോൺഗ്രസിന്റെയും രണ്ടു അംഗങ്ങൾ ഉണ്ടായിരുന്ന ലീഗിന്റെയും പിന്തുണയോടെ ആയിരുന്നു. 25 വർഷങ്ങൾക്കു മുൻപ് ഒരു ദേശീയ നേതാവിനെ -സ്വാതന്ത്ര്യസമരസേനാനിയെ ആദരിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നു എങ്കിൽ ഇന്നതിനു കഴിയാത്തത് അവർ ചെന്ന്പെട്ടിരിക്കുന്ന രാഷ്ട്രീയഭീകരതയെ തുറന്നു കാട്ടുന്നതാണ്. ചരിത്രം പഠിക്കുകയും അറിയുകയും ചെയ്യാതെ രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ള നേതാക്കൾ പാലക്കാട് സമരം ചെയ്യുന്നത് കാണുമ്പോൾ പഴയ ചിലതു ഓർത്തുവെന്നേ ഉള്ളു.
Discussion about this post