വിയറ്റ്നാമുമായി ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വില്പ്നകരാറിൻറെ അന്തിമ ഘട്ടത്തിലേക്ക് ഇന്ത്യ.വിയറ്റ്നാമുമായി 700 മില്യൺ ഡോളറിന്റെ ബ്രഹ്മോസ് മിസൈൽ കരാറാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഫിലിപ്പീൻസിന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി എത്തിച്ച് മാസങ്ങൾ പിന്നിടുമ്പോളാണ് ഇന്ത്യയുടെ പുതിയ വ്യാപാര കരാറിനുള്ള നീക്കം.
ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും വരും മാസങ്ങളിൽ കരാർ ഒപ്പുവയ്ക്കാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ഏകദേശം 700 മില്യൺ ഡോളർ വിലമതിക്കുന്ന ഈ കരാർ വിയറ്റ്നാമിന്റെ സമുദ്ര പ്രതിരോധ ശക്തി വർദ്ധിപ്പിക്കും.
ഫിലിപ്പീൻസ് ഏറ്റെടുത്തതിന് സമാനമായ ബ്രഹ്മോസ് കോസ്റ്റൽ ബാറ്ററി സിസ്റ്റം വാങ്ങാൻ വിയറ്റ്നാം ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. 290 കിലോമീറ്റർ ദൂരപരിധിയുണ്ട് ഈ മിസൈലിന്, ഇതിൻറെ കൃത്യതയുള്ള പ്രഹരശേഷി, വിയറ്റ്നാമിന് സമുദ്രാതിർത്തികൾ സുരക്ഷിതമാക്കാനും ദക്ഷിണ ചൈനാ കടലിലെ ചൈനീസ് യുദ്ധക്കപ്പലുകളിൽ നിന്നുള്ള ഏത് ഭീഷണിയെയും നേരിടാനും സഹായിക്കും.
ദക്ഷിണ ചൈനാ കടലിലെ 300 കിലോമീറ്റർ ചുറ്റളവിലുള്ള ഏത് ചൈനീസ് യുദ്ധക്കപ്പലിനെയും ലക്ഷ്യമിടാൻ കഴിയുന്നതിനാൽ, ബ്രഹ്മോസ് വിയറ്റ്നാമിന് അതിന്റെ സമുദ്രാതിർത്തികൾ സുരക്ഷിതമായി നിലനിർത്താനുള്ള സംരക്ഷണം ഒരുക്കും.
ഫിലിപ്പീൻസിന് ശേഷം, നാവികസേനയിൽ ബ്രഹ്മോസ് മിസൈൽ ഉൾപ്പെടുത്തുന്ന രണ്ടാമത്തെ രാജ്യമായി ഇതോടെ വിയറ്റ്നാം മാറും.
2022 ൽ ഇന്ത്യ ഫിലിപ്പീൻസുമായി 375 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചിരുന്നു. ബ്രഹ്മോസ് മിസൈലിന്റെ ആദ്യ അന്താരാഷ്ട്ര വിൽപ്പനയായിരുന്നു ഇത്. വിയറ്റ്നാമിന്റെ ഏറ്റെടുക്കൽ ഇന്തോ-പസഫിക് മേഖലയിൽ, പ്രത്യേകിച്ച് ചൈനയുമായി അതിർത്തി തർക്കങ്ങൾ നേരിടുന്ന രാജ്യങ്ങളുടെ, ആയുധ സംവിധാനത്തിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയെ ആണ് ഉയർത്തിക്കാട്ടുന്നത്.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് പുറമേ, മധ്യേഷ്യ, ദക്ഷിണ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ രാജ്യങ്ങളും ബ്രഹ്മോസ് സംവിധാനം സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്, ഇത് ആഗോളതലത്തിൽ ബ്രഹ്മോസ് മിസൈലിൻറെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.
2016-ൽ മിസൈൽ ടെക്നോളജി കൺട്രോൾ റെജിമിൽ (MTCR) ഇന്ത്യ അംഗത്വം നേടിയതോടെ ബ്രഹ്മോസിന്റെ പ്രഹരപരിധി വർദ്ധിപ്പിക്കുന്നതിന് വഴിയൊരുങ്ങിയിരുന്നു. അന്താരാഷ്ട്ര നിയമപ്രകാരം, 300 കിലോമീറ്ററിൽ കൂടുതൽ പ്രഹരപരിധിയുള്ള മിസൈലുകൾ കയറ്റുമതി ചെയ്യുന്നതിൽ നിന്ന് രാജ്യങ്ങൾക്ക് വിലക്കുണ്ട്. ഇന്ത്യയും റഷ്യയും സംയുക്തമായി മിസൈൽ വികസിപ്പിച്ചപ്പോൾ, ഈ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി അതിന്റെ പ്രഹരപരിധി 290 കിലോമീറ്ററായി പരിമിതപ്പെടുത്തി.
എം.ടി.സി.ആർ അംഗത്വത്തെത്തുടർന്ന്, ബ്രഹ്മോസിന്റെ ആക്രമണ ശ്രേണി വിപുലീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇന്ത്യ ആരംഭിച്ചു. മിസൈലിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമത്തെ റഷ്യ പിന്തുണച്ചു. ഇന്ത്യൻ ശാസ്ത്രജ്ഞർ നിലവിൽ അതിന്റെ ദൂരപരിധി 400–600 കിലോമീറ്ററായി ഉയർത്തുന്നതിനുള്ള ശ്രമത്തിലാണ്.
അടുത്തിടെ, ഇന്ത്യൻ വ്യോമസേന സുഖോയ് യുദ്ധവിമാനത്തിൽ നിന്ന് ബ്രഹ്മോസിന്റെ ഒരു വിപുലീകൃത ശ്രേണി പതിപ്പ് വിജയകരമായി പരീക്ഷിച്ചിരുന്നു. 400 കിലോമീറ്ററിലധികം പ്രഹര ശേഷിയാണ് പരീക്ഷണത്തിലൂടെ ബ്രഹ്മോസ് കൈവരിച്ചത്.
ബ്രഹ്മോസ് ശേഷിയുടെ വികാസവും അതിന്റെ വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര ആവശ്യകതയും ചൈനയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്, ദക്ഷിണ ചൈനാ കടലിൽ ആക്രമണാത്മകമായ പ്രദേശിക അവകാശവാദങ്ങൾ ഉന്നയിക്കുന്നത് ചൈനയാണ്. ഈ സാമ്പത്തിക മേഖലകളുടെ അവകാശവാദം ചൈന ഉന്നയിക്കുന്നത്. ഫിലിപ്പീൻസ്, വിയറ്റ്നാം, തായ്‌വാൻ, മലേഷ്യ എന്നിവയുമായുള്ള ചൈനയുടെ ബന്ധം വഷളാകുന്നതിന് കാരണമായിട്ടുണ്ട്.
Discussion about this post