ന്യൂഡൽഹി: ഇന്ത്യയുടെ നാഗരിക പാരമ്പര്യത്തിൻറെ അറിവുകൾക്ക് ലോക അംഗീകാരം. ശ്രീമദ് ഭഗവദ്ഗീതയും ഭരത മുനിയുടെ നാട്യശാസ്ത്രവും യുനെസ്കോയുടെ ലോക മെമ്മറി രജിസ്റ്ററിൽ ആലേഖനം ചെയ്യപ്പെട്ടു. ലോകമെമ്പാടുമുള്ള ഡോക്യുമെന്ററി പൈതൃകങ്ങളുടെ പട്ടികയിൽ ആണ് ഭഗവദ്ഗീതയും നാട്യശാസ്ത്രവും ഇടം നേടിയത്.
കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്താണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. “ഭാരതത്തിന്റെ നാഗരിക പൈതൃകത്തിന് ചരിത്ര നിമിഷമെന്ന് സംഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചു. “ഈ കാലാതീതമായ കൃതികൾ സാഹിത്യ നിധികളേക്കാൾ വലുതാണ്. അവ ഭാരതത്തിന്റെ ലോകവീക്ഷണത്തെയാണ് എടുത്തുകാണിക്കുന്നത്. നാം ചിന്തിക്കുന്ന, അനുഭവിക്കുന്ന, ജീവിക്കുന്ന, പ്രകടിപ്പിക്കുന്ന രീതിയെയും രൂപപ്പെടുത്തിയ ദാർശനികവും സൗന്ദര്യാത്മകവുമായ അടിത്തറകളാണ് ഈ കൃതികൾ.” ഈ അന്താരാഷ്ട്ര രജിസ്റ്ററിൽ ഇന്ത്യയ്ക്ക് ഇപ്പോൾ 14 എൻട്രികളുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
“ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷം” എന്നാണ് അംഗീകാരത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചത്. “യുനെസ്കോയുടെ ലോക മെമ്മറി രജിസ്റ്ററിൽ ഗീതയും നാട്യശാസ്ത്രവും ഉൾപ്പെടുത്തിയത് നമ്മുടെ കാലാതീതമായ ജ്ഞാനത്തിനും സമ്പന്നമായ സംസ്കാരത്തിനുമുള്ള ആഗോള അംഗീകാരമാണ്. നൂറ്റാണ്ടുകളായി ഗീതയും നാട്യശാസ്ത്രവും നാഗരികതയെയും അവബോധത്തെയും പരിപോഷിപ്പിച്ചിട്ടുണ്ട്. അവയുടെ ഉൾക്കാഴ്ചകൾ ലോകത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.” പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post