ന്യൂഡൽഹി: ബംഗ്ലാദേശുമായുള്ള വ്യാപാര യുദ്ധത്തിൽ ഏർപ്പെടാൻ ഇന്ത്യയ്ക്ക് ഉദ്ദേശമില്ലെന്ന് കേന്ദ്രസർക്കാർ. അതേ സമയം ധാക്കയിൽ നിന്നുള്ള അന്താരാഷ്ട്ര വ്യാപാര നീക്കങ്ങൾ അനുകൂലമല്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. 2020 ൽ ബംഗ്ലാദേശിന് നൽകിയ ട്രാൻസ്-ഷിപ്പ്മെന്റ് സൗകര്യമാണ് ഇന്ത്യ അടുത്തിടെ പിൻവലിച്ചിരുന്നു. ഇന്ത്യൻ തുറമുഖങ്ങളിലെയും വിമാനത്താവളങ്ങളിലെയും തിരക്ക് കുറയ്ക്കുന്നതിനാണ് ഈ നീക്കമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
നേപ്പാളിലേക്കും ഭൂട്ടാനിലേക്കുമുള്ള ബംഗ്ലാദേശിന്റെ കയറ്റുമതിയെ ഈ നടപടി ബാധിക്കില്ലെന്നും ഇന്ത്യ ഉറപ്പുവരുത്തിയിട്ടുണ്ട്.അതേ സമയം ഇന്ത്യ ഈ നടപടികൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബംഗ്ലാദേശിൻറെ ഭാഗത്ത് നിന്ന് പ്രതികൂലമായ ചില നീക്കങ്ങൾ ഉണ്ടായത് പരിശോധിക്കേണ്ടതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ട്രാൻസ്-ഷിപ്പ്മെന്റ് സൗകര്യം ഇന്ത്യ തടയുന്നതിന് മുമ്പുതന്നെ, ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ വ്യാപാര ബന്ധങ്ങളെ തടസ്സപ്പെടുത്തുന്ന നിരവധി നടപടികൾ സ്വീകരിച്ചിരുന്നു. ഇന്ത്യയുമായി വ്യാപാരം പങ്കുവെയ്ക്കുന്ന മൂന്ന് തുറമുഖങ്ങൾ അടച്ചുപൂട്ടാനും, നൂൽ ഇറക്കുമതി തടയാനുമുള്ള തീരുമാനങ്ങൾ ബംഗ്ലാദേശ് എടുത്തത് ഇക്കഴിഞ്ഞ മാർച്ചിലാണ്. ജാഗ്രത ശക്തമാക്കണമെന്ന് ബെനാപോൾ കസ്റ്റംസ് ഹൗസിൽ വെച്ച് ധാക്കയെടുത്ത തീരുമാനവും ഒരു നിയന്ത്രണ നീക്കമായി ഇന്ത്യ കണക്കാക്കുന്നു. നൂൽ ഇറക്കുമതി തടയാനുള്ള തീരുമാനം വസ്ത്ര കയറ്റുമതി വ്യാപാരികളെ സംബന്ധിച്ച് ആത്മഹത്യാപരമാകുമെന്ന് ബംഗ്ലാദേശ് വസ്ത്ര നിർമ്മാതാക്കൾ സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടും ബംഗ്ലാദേശ് ചെവിക്കൊണ്ടില്ല.
“ട്രാൻസ്-ഷിപ്പ്മെന്റ് സംബന്ധിച്ച ഞങ്ങളുടെ പ്രഖ്യാപനം നേപ്പാളിലേക്കും ഭൂട്ടാനിലേക്കുമുള്ള ബംഗ്ലാദേശിന്റെ കയറ്റുമതിയെ ഒരു തരത്തിലും ബാധിക്കില്ല. പ്രാദേശിക വ്യാപാരം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് ഇന്ത്യയ്ക്ക് വ്യക്തമായറിയാം. ബംഗ്ലാദേശുമായുള്ള ബന്ധത്തിൽ ക്രിയാത്മകവും പോസിറ്റീവുമായ ഇടപെടൽ നടത്താൻ ഇന്ത്യ തുടർന്നും ആഹ്വാനം ചെയ്തിട്ടുണ്ട്,” വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു.
അന്തരീക്ഷത്തെ വഷളാക്കുന്ന വാചാടോപങ്ങൾ ഒഴിവാക്കണമെന്ന് ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനോട് പ്രധാനമന്ത്രി നേരിട്ട് വ്യക്തമാക്കിയിരുന്നു. വ്യാപാര സംഘർഷങ്ങളുമായി ബന്ധപ്പെട്ട ധാക്കയുടെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകളുടെയും നടപടികളുടെയും സാഹചര്യത്തിലാണ് ബാങ്കോക്കിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുമായുള്ള വ്യാപാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടയിൽ, ഇടക്കാല സർക്കാർ പാകിസ്താനുമായി നേരിട്ടുള്ള വ്യാപാരം പുനരാരംഭിക്കുകയും ചെയ്തു. ട്രേഡിംഗ് കോർപ്പറേഷൻ ഓഫ് പാകിസ്താൻ വഴി 50,000 ടൺ അരി പാകിസ്താനിൽ നിന്ന് വാങ്ങാനും ബംഗ്ലാദേശ് തീരുമാനിച്ചു.
ബംഗ്ലാദേശിൽ തീവ്രവാദം വർദ്ധിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ, ആഗോള ഭീകരതയുടെ ഉറവിടമായി ഇന്ത്യ കാണുന്ന പാകിസ്താനുമായുള്ള ധാക്കയുടെ ബന്ധം പുനരാരംഭിക്കുന്നത് ഇന്ത്യയ്ക്ക് ആശങ്കയുളവാക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ബംഗ്ലാദേശിലേക്കുള്ള കയറ്റുമതി വർദ്ധിപ്പിക്കാനുള്ള അവസരങ്ങൾ പാകിസ്താൻ തേടുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പാകിസ്താൻ വിദേശകാര്യ സെക്രട്ടറി അമ്ന ബലൂച്ച് ബംഗ്ലാദേശ് തലസ്ഥാനം സന്ദർശിച്ചിരുന്നു. വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ അടുത്ത ആഴ്ച ബംഗ്ലാദേശ് സന്ദർശിക്കാനും തീരുമാനമുണ്ട്. പതിറ്റാണ്ടുകൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ഉന്നതതല ബന്ധങ്ങൾ നാടകീയമായി പുതുക്കിയിട്ടുണ്ടെന്നാണ് ഇക്കാര്യങ്ങൾ വിരൽചൂണ്ടുന്നത്.











Discussion about this post