1971 ലെ വിമോചന യുദ്ധത്തിൽ പാകിസ്താൻ നടത്തിയ ‘ക്രൂരതകൾക്ക്’ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ്.15 കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം വ്യാഴാഴ്ച നടന്ന വിദേശകാര്യസെക്രട്ടറി-തല ചർച്ചയിലാണ് ബംഗ്ലാദേശിന്റെ ഈ ആവശ്യം. പാകിസ്താൻറെ ഭാഗത്തുനിന്നും പരിഹരിക്കപ്പെടേണ്ട ‘മുൻകാലപ്രശ്നങ്ങളും’ ബംഗ്ലാദേശ് ശ്രദ്ധയിൽപ്പെടുത്തി. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാറിന്റെ ബംഗ്ലാദേശ് സന്ദർശനത്തിന് മുന്നോടിയായാണ് ഇരുരാജ്യങ്ങളുടേയും വിദേശകാര്യസെക്രട്ടറിമാരായ മുഹമ്മദ് ജസീമുദ്ദീനും ആമ്ന ബലൂച്ചും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
1971 ൽ പാകിസ്താനിൽനിന്ന് വിഭജിച്ച് സ്വതന്ത്രരാഷ്ട്രമായിത്തീർന്ന ബംഗ്ലാദേശ് അക്കാലത്തെ സംയുക്തആസ്തിയിൽനിന്ന് തങ്ങളുടെ പങ്കായ 4.3 ബില്യൺ ഡോളർ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ബംഗ്ലാദേശിലെ പാകിസ്താനികളുടെ പുനരധിവാസം, അവിഭജിതആസ്തിയുടെ തുല്യവിതരണം, 1970 ലെ ചുഴലിക്കാറ്റിൽ ഇരയായവർക്ക് ലഭിച്ച വിദേശധനസഹായത്തിന്റെ കൈമാറ്റം, 1971 ൽ പാക് സൈന്യം നടത്തിയ കൂട്ടക്കുരുതിയ്ക്കുള്ള പരസ്യമായ മാപ്പുപറയൽ തുടങ്ങിയ വിഷയങ്ങൾ പാകിസ്താന്റെ ശ്രദ്ധയിൽ പെടുത്തിയതായി ജസീമുദ്ദീൻ വ്യക്തമാക്കി. ബംഗ്ലാദേശിനും പാകിസ്താനും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിനെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.
ഇന്ത്യയോട് ചായ്വ് പ്രകടിപ്പിച്ചിരുന്ന ബംഗ്ലാദേശിന് ഇപ്പോൾ പാകിസ്താനോടാണോ ചായ്വ് എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, പരസ്പര ബഹുമാനവും പരസ്പര ഗുണവുമുള്ള ഒരു ബന്ധം പാകിസ്താനുമായി ഉണ്ടാക്കിയെടുക്കാനുള്ള ലക്ഷ്യമാണ് ബംഗ്ലാദേശിനുള്ളതെന്നും അല്ലാതെ ഏതെങ്കിലും പ്രത്യേകരാജ്യത്തോട് ചായ്വ് പുലർത്തുക എന്ന ഉദ്ദേശ്യം ബംഗ്ലാദേശിനില്ലെന്നും ജസീമുദ്ദീൻ പ്രതികരിച്ചു.
Discussion about this post