ന്യൂഡൽഹി: വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര അന്തിമഘട്ടത്തിലേക്ക്. ആക്സിയം -4 ദൗത്യത്തിന്റെ ഭാഗമായാണ് ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ യാത്ര. മേയ് മാസത്തിൽ ബഹിരാകാശ നിലയത്തിലേക്ക് അദ്ദേഹം പറക്കും. ഇന്ത്യ ബഹിരാകാശ യാത്രയിൽ ഒരു നിർണായക അധ്യായം കുറിക്കാനൊരുങ്ങുകയാണെന്ന് കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.മെയ് മാസത്തിൽ നടക്കാനിരിക്കുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ ശുക്ലയുടെ ബഹിരാകാശ യാത്രാ ദൗത്യം അന്താരാഷ്ട്ര ബഹിരാകാശ സഹകരണത്തിലെ ഇന്ത്യയുടെ ഒരു നാഴികക്കല്ലാണെന്ന് സിംഗ് പറഞ്ഞു.
ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയേയും വഹിച്ചുകൊണ്ടുള്ള അന്താരാഷ്ട ബഹിരാകാശ മിഷൻ അടുത്ത മാസത്തോടെ ഉണ്ടാകും. ഐഎസ്ആർഒ പുതിയ അതിർത്തികൾ തുറക്കുന്നു. ചരിത്രപരമായ ദൗത്യത്തിനായാണ് ഗഗൻയാൻ തയ്യാറെടുക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾ ഉയരങ്ങളിലേക്ക് കുതിക്കുന്നുവെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
കഴിഞ്ഞ എട്ട് മാസത്തോളമായി നാസയിലും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം സ്പെയ്സിലും പരിശീലനം നടത്തിവരികയാണ് ശുക്ല. 60 മില്യൺ ഡോളറിലധികം ചെലവഴിച്ചാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര. നാലുപേരടങ്ങുന്ന സംഘമായിരിക്കും യാത്രയിൽ. സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ദൗത്യം.
റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ യാത്രയ്ക്ക് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യയുടെ ഈ പുതിയ നാഴികക്കല്ല്. ബഹിരാകാശ യാത്രാ പ്രവർത്തനങ്ങൾ, വിക്ഷേപണ പ്രോട്ടോക്കോളുകൾ, മൈക്രോഗ്രാവിറ്റി അഡാപ്റ്റേഷൻ, അടിയന്തര തയ്യാറെടുപ്പ് എന്നിവയിൽ നിർണായകമായ പ്രായോഗിക പാഠങ്ങൾ ഇതിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
Discussion about this post