മൂർഷിദാബാദ് വർഗ്ഗീയാക്രമണങ്ങളെ തുടർന്ന് അഭയാർത്ഥികളാക്കപ്പെട്ടവർക്ക് ആശ്വാസവുമായി ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. സംഘർഷം ബാധിച്ച മാൽഡയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച അദ്ദേഹം, അവിടുത്തെ സ്ഥിതിഗതികൾ നേരിട്ടറിയുകയും ദുരിതബാധിതരുമായി സംവദിക്കുകയും ചെയ്തു.
സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ കേന്ദ്ര സുരക്ഷാസേനകളും സംസ്ഥാന പോലീസും അക്ഷീണം പരിശ്രമിയ്ക്കുകയാണെന്നും സുരിതബാധിതരെ സഹായിക്കാനുള്ള തൻ്റെ നിർദ്ദേശങ്ങൾ കേന്ദ്രഗവണ്മെൻ്റിനെ അറിയിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പർലപൂർ ഹൈസ്കൂളിൽ തയ്യാറാക്കിയിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ വച്ച് അദ്ദേഹം അഭയാർത്ഥികളായി അവിടെയെത്തിയ കുട്ടികളുടേയും മുതിർന്നവരുടേയും ക്ഷേമവും പുനരധിവാസവും കാര്യക്ഷമമായി നടത്താൻ വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നൽകി.
‘ഇവിടെ ക്യാമ്പ് ചെയ്തിരിക്കുന്ന മനുഷ്യരെ ഞാൻ കണ്ടു. അവരുടെ വിഷമങ്ങളും പരാതികളുമെല്ലാം കേൾക്കുകയുണ്ടായി. അവരുടെ വികാരങ്ങൾ മനസ്സിലാക്കി. അവർക്ക് വേണ്ടതെന്തെന്ന് എന്നെ അവർ അറിയിച്ചിട്ടുണ്ട്. അതിനുവേണ്ട കാര്യക്ഷമമായ നടപടികൾ ഉടൻ തന്നെ എടുക്കുന്നതായിരിക്കും’ ഗവർണർ ആനന്ദബോസ് പറഞ്ഞു.
ഗവർണർ കലാപബാധിതപ്രദേശങ്ങളും സന്ദർശിച്ചതായി ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷസ്ഥലങ്ങളും അഭയാർത്ഥിക്യാമ്പും സന്ദർശിക്കരുതെന്ന് ഗവർണർക്ക് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഗവർണർ എന്നല്ല ആരും മൂർഷിദാബാദ് സന്ദർശിക്കരുതെന്നായിരുന്നു മമതാ ബാനർജിയുടെ അറിയിപ്പ്. ഇതിനെ മറികടന്നാണ് ഗവർണർ സി വി ആനന്ദബോസ് മൂർഷിദാബാദ് സന്ദർശിച്ചത്.
കഴിഞ്ഞ ദിവസം (ഏപ്രിൽ17) മൂർഷിദാബാദ് ആക്രമണത്തിൻ്റെ ഇരകളുടെ കുടുംബങ്ങൾ കൊൽക്കൊത്തയിൽ രാജ് ഭവനിലെത്തി ഗവർണറെ നേരിട്ട് കാണുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. ബംഗാൾ ബി ജെ പി പ്രസിഡൻ്റും കേന്ദ്ര മന്ത്രിയുമായ സുകന്ദ മജൂംദാർ ആണ് ഈ സന്ദർശനത്തിന് നേതൃത്വം നൽകിയത്.
Discussion about this post