ട്രെയിനിൽ യാത്ര ചെയ്തപ്പോഴുണ്ടായ ദുരനുഭവം പങ്കുവച്ച് നടി മാളവിക മോഹനൻ. ലോക്കൽ ട്രെയിനിലെ രാത്രി യാത്രയ്ക്കിടെ സഹയാത്രികൻ മോശമായി പെരുമാറുകയായിരുന്നു. പെട്ടെന്നുണ്ടായ ഞെട്ടലിൽ എന്തു ചെയ്യണമെന്നറിയാതെ മരവിച്ചിരുന്നു പോയെന്ന് മാളവിക വെളിപ്പെടുത്തി.
ഇപ്പോൾ തന്റെ പക്കൽ സ്വന്തമായി കാറും ഡ്രൈവറുമുള്ളതിനാൽ മുംബൈയിലെ യാത്ര സുരക്ഷിതമാണെന്നും എന്നാൽ, കോളേജിൽ പഠിക്കുന്ന സമയത്ത് മുംബൈയിലെ യാത്രകൾ ഒട്ടും സുരക്ഷിതമായിരുന്നില്ലെന്നും മാളവിക പറയുന്നു. അന്നത്തെ ബസ്, ട്രെയിൻ യാത്രകൾ റിസ്‌ക് എടുക്കുന്നതുപോലെ ആയിരുന്നെന്നും പലപ്പോഴും ഭാഗ്യംകൊണ്ടാകും നമ്മൾ രക്ഷപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നു.
മാളവികയുടെ വാക്കുകൾ: ‘പണ്ട് ഞാനും രണ്ട് സുഹൃത്തുക്കളും കൂടി ലോക്കൽ ട്രെയിനിൽ തിരികെ വരിക ആയിരുന്നു. സമയം ഒരു ഒൻപതര ആയിട്ടുണ്ടാകും. ലോക്കൽ ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കംപാർട്ട്‌മെന്റിൽ ആയിരുന്നു ഞങ്ങൾ. ആ കംപാർട്‌മെന്റിൽ ഞങ്ങളല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ഞാൻ വിൻഡോ ഗ്രില്ലിന് അടുത്തായിരുന്നു ഞങ്ങൾ മൂന്നുപേരും ഇരുന്നത്. ഞങ്ങൾ ഇരിക്കുന്നത് കണ്ട് ഒരാൾ ആ ഗ്രില്ലിൽ മുഖം അമർത്തി നിന്ന് ഒരു ഉമ്മ തരുമോ എന്നു ചോദിച്ചു. ഞങ്ങൾ മരവിച്ചിരുന്നു പോയി. അന്ന് ഞങ്ങൾക്ക് 19-20 വയസ് വരും. ഇതിനോടൊക്കെ എങ്ങനെ പ്രതികരണമെന്ന് അന്ന് അറിയില്ലായിരുന്നു. എന്തെങ്കിലും പ്രതികരിച്ചാൽ അയാൾ അകത്തേക്ക് വരുമോ എന്ന പേടിയും ഉണ്ടായി. അടുത്ത സ്റ്റേഷൻ എത്താനാണെങ്കിൽ 10 മിനിറ്റും എടുക്കും. എല്ലാ പെൺകുട്ടികൾക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകും.’
Discussion about this post