നടി വിൻസി അലോഷ്യസിന്റെ പരാതിയുടൈ പശ്ചാത്തലത്തിലുണ്ടായ സംഭവ വികാസങ്ങളിൽ പ്രതികരിച്ച് സൂത്രവാക്യം സിനിമയുടെ അണിയറ പ്രവർത്തകർ. നിർമ്മാതാവ് ശ്രീകാന്ത് കണ്ഡ്രഗുളയും സംവിധായകൻ യൂജിൻ ജോസ് ചിറമ്മേലും അടക്കമുള്ളവരാണ് മാദ്ധ്യമങ്ങളെ കണ്ടത്. തങ്ങൾക്ക് ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും മാദ്ധ്യമങ്ങൾ വഴിയാണ് പ്രശ്‌നങ്ങൾ അറിഞ്ഞതെന്നും നിർമ്മാതാവ് ശ്രീകാന്ത് പറഞ്ഞു
വിൻസിയിൽ നിന്ന് തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നും കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും ശ്രീകാന്ത് അറിയിച്ചു.സെറ്റിൽ ലഹരി ഉപയോഗം പ്രോത്സാഹിപ്പിച്ചിട്ടില്ല. ഒരു നിർമാതാവ് എന്ന നിലയിലും മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ആളെന്ന നിലയിലും പറയുകയാണ് ഈ ആരോപണങ്ങൾ വളരെ ഗൗരവമേറിയതാണ്. പരാതിയുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കും. ഈ വിവാദങ്ങളൊന്നും സിനിമയുടെ പ്രൊമോഷന് വേണ്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത് അനിവാര്യമായത് കൊണ്ട് മാത്രമാണ്. എല്ലാവരും സിനിമയുടെ പേര് ചർച്ചയിൽ കൊണ്ടുവന്നു. അതിനാൽ പോസ്റ്റർ റിലീസ് ചെയ്യാൻ തങ്ങളെ നിർബന്ധിതരാക്കി. ഇപ്പോൾ നടന്നത് ഒന്നും മാർക്കറ്റിംഗ് ഭാഗമല്ലെന്നും നിർമാതാവ് വ്യക്തമാക്കി. 40 ദിവസം തുടർച്ചയായി ഷൂട്ടിംഗ് നടന്നിരുന്നു. എന്നാൽ യാതൊരു വിധത്തിലുള്ള ലഹരി ഉപയോഗവും പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്ന പരാതിയിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.
ഷൂട്ടിങ് നടക്കുന്നതിനിടെ വിൻസിയോട് സെറ്റിൽ കംഫർട്ടബിൾ ആയിരുന്നോ എന്ന് ചോദിച്ചിരുന്നതായും എന്നാൽ തിരക്കായതിനാലാകും മറുപടി ലഭിച്ചിരുന്നില്ലെന്നും അണിയറപ്രവർത്തകർ പറയുന്നു. പരാതി പറഞ്ഞ വിൻസിയെ അഭിനന്ദിക്കുന്നതായി സംവിധായകൻ പറഞ്ഞു.
Discussion about this post