ശ്രീനഗർ : ജമ്മു കശ്മീരിൽ ദുരിതം വിതച്ച് കനത്ത മഴയും വെള്ളപ്പൊക്കവും. മഴയെ തുടർന്നുള്ള വിവിധ അപകടങ്ങളിലായി മൂന്ന് പേർ മരിച്ചു.ശക്തമായ മഴ മൂലം നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ ഉൾപ്പെടെ മണ്ണിടിച്ചിൽ മൂലം ഗതാഗത തടസ്സം നേരിട്ടിരിക്കുകയാണ്.
കശ്മീരിലെ റംബാൻ ജില്ലയിലെ നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായി. വെള്ളപ്പൊക്കത്തിൽ പെട്ടാണ് മൂന്ന് പേർ മരിച്ചത്. തുടർച്ചയായി പെയ്യുന്ന മഴയിൽ നഷ്‌രിക്കും ബനിഹാലിനും ഇടയിൽ 12ലേറെ സ്ഥലങ്ങളിൽ ശക്തമായ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. മേഖലയിൽ നിന്നും 200ലധികം പേരെ രക്ഷപ്പെടുത്തി വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു.
റംബാനിൽ കഴിഞ്ഞദിവസം ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നാണ് കാശ്മീരിൽ അതിശക്തമായ മഴ ആരംഭിച്ചത്. സെരി ബാഗ്ന ഗ്രാമത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ആണ് സഹോദരന്മാരായ അഖിബ് അഹമ്മദ്, മുഹമ്മദ് സാഖിബ് എന്നിവരുൾപ്പെടെ മൂന്ന് പേർ മരിച്ചത്. ഇന്ത്യൻ സൈന്യവും എസ്ഡിആർഎഫും സിആർപിഎഫും പ്രാദേശിക യൂണിറ്റുകളും ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
Discussion about this post