ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തിരിക്കുകയാണ്. കത്തോലിക്കാ സഭയുടെ 266ാം മാർപാപ്പയായാണ് വിടവാങ്ങിയിരിക്കുന്നത്. . ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ മാർപാപ്പയായിരുന്നു അദ്ദേഹം.ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ പോപ്പായി സ്ഥാനമേറ്റത്.
കാലം ചെയ്ത മാർപ്പാപ്പയുടെ ശവസംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കി ഏകദേശം മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കുക.അടുത്ത മാർപാപ്പയെ തിരഞ്ഞെടുക്കുന്നത് വരെ സഭ ദുഃഖാചരണം നടത്തും. പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്ന പ്രധാന ചടങ്ങ് ‘കോൺക്ലേവ്’ എന്നാണ് അറിയപ്പെടുന്നത്. കോളേജ് ഓഫ് കാർഡിനൽസ് സിസ്റ്റൈൻ ചാപ്പലിൽ ഒത്തുകൂടും. അതീവരഹസ്യമായാണ് ഇത് നടക്കുക. റോമിൽ സമ്മേളിക്കുന്ന കർദിനാൾമാരുടെ രഹസ്യ യോഗത്തിലാണ് പുതിയ പോപ്പിനെ തിരഞ്ഞെടുക്കുക. കഴിഞ്ഞ 700 വർഷമായി ഈ പാരമ്പര്യമാണ് പിന്തുടരുന്നത്.
പോപ്പിന്റെ സ്ഥാനത്തേക്ക് മത്സരിക്കുന്നവർ പരസ്യമായി പ്രചാരണം നടത്തുന്നില്ല എന്നതാണ് ഇതിൽ ശ്രദ്ധേയം. മറിച്ച് പൊതുവെ കർദിനാൾമാർ എല്ലാവരും പോപ്പിന്റെ സ്ഥാനം വഹിക്കാൻ പ്രാപ്തരാണെന്നാണ് വത്തിക്കാൻ നിരീക്ഷകർ കരുതുന്നത്. 80 വയസ്സിൽ താഴെയുള്ള കർദിനാൾമാർക്ക് മാത്രമേ ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹതയുള്ളൂ. 2025 ഏപ്രിൽ മാസത്തിലെ കണക്കനുസരിച്ച് 137 കർദിനാൾമാർക്ക് അടുത്ത തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ യോഗ്യതയുണ്ട്. സാധാരണയായി 120 കർദിനാൾമാരെയാണ് തിരഞ്ഞെടുപ്പിൽ പങ്കെടുപ്പിക്കാറ്. ഓരോ കർദിനാളും വോട്ടിംഗ് വിവരങ്ങൾ പുറത്തുപറയില്ലെന്ന് സത്യം ചെയ്യണം. ഈ സത്യം ലംഘിച്ചാൽ അവരെ സഭയിൽ നിന്ന് പുറത്താക്കും.
ഓരോ കർദിനാളും തങ്ങൾക്ക് ഇഷ്ടമുള്ള വ്യക്തിയുടെ പേര് ഒരു കടലാസിൽ എഴുതി ഒരു പാത്രത്തിലിടുന്നു.ഓരോ വോട്ടും ഉറക്കെ വായിച്ച് എണ്ണുന്നു. ഒരു സ്ഥാനാർത്ഥി പോപ്പായി തിരഞ്ഞെടുക്കപ്പെടാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടണം.
ആർക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ, ബാലറ്റുകൾ രാസവസ്തുക്കൾ ചേർത്ത് കത്തിക്കുന്നു. അപ്പോൾ കറുത്ത പുക വരും. ഇത് തിരഞ്ഞെടുപ്പ് വിജയിച്ചില്ല എന്നതിന്റെ സൂചനയാണ്. വെളുത്ത പുകയാണെങ്കിൽ പുതിയ പോപ്പിനെ തിരഞ്ഞെടുത്തു എന്ന് മനസ്സിലാക്കാം.
എല്ലാ ദിവസവും രാവിലെയും ഉച്ചകഴിഞ്ഞും രണ്ട് റൗണ്ട് വീതം വോട്ടെടുപ്പ് നടക്കും. എന്നിട്ടും ആരെയും തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ, ലളിതമായ ഭൂരിപക്ഷം മതി എന്ന രീതിയിലേക്ക് നിയമങ്ങൾ മാറ്റാൻ സാധ്യതയുണ്ട്.
കോൺക്ലേവിന് സാധാരണയായി കുറഞ്ഞത് ഒരു ദിവസമെങ്കിലും എടുക്കും. ചിലപ്പോൾ ഇത് കൂടുതൽ ദിവസങ്ങൾ നീണ്ടുപോകാറുണ്ട്.പുതിയ മാർപാപ്പയുടെ തിരഞ്ഞെടുപ്പിൽ ഇത്രയധികം രഹസ്യസ്വഭാവം പുലർത്തുന്നതിന്റെ പ്രധാന കാരണം സഭയുടെ ഐക്യം നിലനിർത്തുകയും പുറത്ത് നിന്നുള്ള സമ്മർദ്ദങ്ങൾ ഒഴിവാക്കുക എന്നതുമാണ്
Discussion about this post