കൊല്ലം : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി. കെഎസ്ആർടിസി ഉദ്യോഗസ്ഥനാണ് സുരേഷ് ഗോപിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചത് എന്നാണ് പരാതിയിൽ സൂചിപ്പിക്കുന്നത്. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർക്കെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്.
വിഷയത്തിൽ യുവമോർച്ച ആണ് കെഎസ്ആർടിസി ഉദ്യോഗസ്ഥനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ചിത്രം മോർഫ് ചെയ്ത് ക്രിസ്തുമത വിശ്വാസത്തെ അവഹേളിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചു എന്നാണ് പരാതി. വി ആർ ഫ്രണ്ട്സ് എന്ന ഗ്രൂപ്പിൽ ചിത്രം പങ്കുവെച്ച് പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് യുവമോർച്ച പരാതി നൽകിയിട്ടുള്ളത്.
സംഭവത്തിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥനെതിരെ ഈസ്റ്റ് പോലീസിൽ ആണ് യുവമോർച്ച പരാതി നൽകിയിട്ടുള്ളത്. മതവിശ്വാസത്തെ അവഹേളിക്കുന്ന രീതിയിൽ മനപ്പൂർവ്വമുള്ള ശ്രമമാണ് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ നടത്തിയത് എന്ന് പരാതിയിൽ സൂചിപ്പിക്കുന്നു. ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നതിനായി മറ്റൊരു ചിത്രത്തിൽ സുരേഷ് ഗോപിയുടെ മുഖം ഒട്ടിച്ചു ചേർത്ത് പ്രചരിപ്പിച്ചതായാണ് യുവമോർച്ച പരാതിപ്പെടുന്നത്. സംഭവത്തിൽ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post