ശ്രീനഗർ : പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭീകരാക്രമണത്തിൽ കശ്മീരിൽ നിന്നുള്ള പ്രാദേശിക സഹായം ഉണ്ടായതായി എൻഐഎ കണ്ടെത്തൽ. ഭീകരാക്രമണം നടത്തിയ സംഘത്തിൽ രണ്ടുപേർ കശ്മീർ സ്വദേശികളാണ്. ഇരുവരെയും അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. പാകിസ്താൻ ഭീകരർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകിയതും ഈ കശ്മീർ സ്വദേശികളായ യുവാക്കളാണ്.
ജമ്മു കശ്മീരിലെ ബിജ്ബെര, ത്രാൽ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഭീകരാക്രമണം നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് എൻഐഎ കണ്ടെത്തിയിട്ടുള്ളത്. ആദിൽ, ആസിഫ് എന്ന രണ്ടു സ്വദേശികളാണ് ഈ തീവ്രവാദികൾ. ഭീകരാക്രമണം നടത്തിയ തീവ്രവാദികളുടെ ശരീരത്തിൽ ബോഡി ക്യാമറ ഫിറ്റ് ചെയ്തിരുന്നതായും ആക്രമണത്തിന്റെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
പഹൽഗാമിൽ ഭീകരാക്രമണത്തിൽ പങ്കെടുത്തതായി കണ്ടെത്തിയിട്ടുള്ള മൂന്നുപേരുടെ ചിത്രങ്ങൾ ദേശീയ അന്വേഷണ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. ആസിഫ് ഫുജി, സുലൈമാൻ ഷാ, അബു തൽഹ എന്നീ മൂന്ന് ഭീകരരെയാണ് തിരിച്ചറിഞ്ഞത്. നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) യുടെ ഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ടിലെ അംഗങ്ങളാണ് ആക്രമണകാരികൾ എന്നാണ് റിപ്പോർട്ട്. ഭീകരരെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും ദേശീയ അന്വേഷണ ഏജൻസി ആരംഭിച്ചു.
Discussion about this post