കശ്മീരിലെ പാഹൽഗാമിൽ 28 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ലോക രാഷ്ട്രങ്ങൾ ദുഃഖം രേഖപ്പെടുത്തുകയും അപലപിക്കുകയും ഇന്ത്യയോട് ചേർന്ന് നിൽക്കുകയും ചെയ്തപ്പോൾ, ജി-7 രാജ്യങ്ങളിൽ നിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലാത്ത ഒരേയൊരു രാജ്യം കാനഡയാണ്. അമേരിക്ക, യു കെ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ എന്നീ ആറു ജി-7 രാജ്യങ്ങളും ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ഇന്ത്യക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. എന്നാൽ, കാനഡയുടെ ഭാഗത്തുനിന്നുള്ള നിശ്ശബ്ദത ശ്രദ്ധേയമാകുകയാണ്.
നിരവധി വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഈ ദാരുണ സംഭവത്തിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഇന്ത്യക്ക് അനുശോചനം അറിയിക്കുകയും ഭീകരവാദത്തിനെതിരെ ഒരുമിച്ചു പോരാടാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് തങ്ങളുടെ അനുശോചനം അറിയിക്കുകയും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്നും വ്യക്തമാക്കി. യു കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമെർ ആക്രമണത്തെ ഭീരുത്വം നിറഞ്ഞ നടപടിയെന്ന് വിശേഷിപ്പിക്കുകയുംഇന്ത്യയിലെ ജനങ്ങളോട് തൻ്റെ അഗാധമായ ദുഃഖം അറിയിക്കുകയും ചെയ്തു. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് ഭീകരത എല്ലാ രൂപത്തിലും അപലപിക്കപ്പെടേണ്ടതാണെന്ന് പ്രസ്താവിച്ചു. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യക്ക് തങ്ങളുടെ പൂർണ്ണ പിന്തുണ അറിയിക്കുകയും ഭീകരവാദത്തിനെതിരെ പോരാടാൻ ഫ്രാൻസ് എപ്പോഴും കൂടെയുണ്ടാകുമെന്നും ഉറപ്പുനൽകി. ഇറ്റലിയും ജപ്പാനും സമാനമായ രീതിയിൽ തങ്ങളുടെ ദുഃഖവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. ചൈനയും റഷ്യയും പോലും സംഭവത്തിൽ തങ്ങളുടെ ദുഃഖം രേഖപ്പെടുത്തുകയും സർക്കാരിനും ജനങ്ങൾക്കും സകല പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. ഇസ്രയേലാവട്ടെ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ സുരക്ഷാ സേനയ്‌ക്ക് ഞങ്ങളുടെ പൂർണ്ണ പിന്തുണയുണ്ട് എന്നാണ് പ്രസ്താവന നടത്തിയത്.
ഈ രാജ്യങ്ങളുടെയെല്ലാം പ്രതികരണങ്ങൾക്കിടയിലും കാനഡയുടെ നിശ്ശബ്ദത പല ചോദ്യങ്ങളും ഉയർത്തുന്നു. ഈ ഭീകരാക്രമണത്തെ അപലപിച്ച് കാനഡ ഇന്നുവരെ ഒന്നും ഔദ്യോഗികമായി പറഞ്ഞിട്ടില്ല. കാനഡയുടെ ഈ മൗനം അവരുടെ നയതന്ത്ര ബന്ധങ്ങളെയും ഭീകരവാദത്തോടുള്ള അവരുടെ നിലപാടിനെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴി വയ്ക്കുന്നുണ്ട്. മുൻ കനേഡിയൻ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോയോട് ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു എങ്കിലും കാനഡയും ഇന്ത്യയും തമ്മിൽ ഇപ്പോഴും സൗഹൃദബന്ധമാണുള്ളത്. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം നിലനിൽക്കുന്നുമുണ്ട്. എന്നിട്ടും, ഇത്രയും വലിയ ഒരു ദുരന്തത്തിൽ കാനഡയുടെ ഭാഗത്തുനിന്നും പേരിനെങ്കിലുമുള്ള പ്രതികരണത്തിന്റെ അഭാവം അസ്വാഭാവികമാണെന്ന് വിദേശകാര്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.
കാനഡയുടെ വിദേശകാര്യ മന്ത്രാലയമോ പ്രധാനമന്ത്രിയുടെ ഓഫീസോ ഇതുവരെ ഈ വിഷയത്തിൽ ഔദ്യോഗികമായി യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ല. കനിഷ്കാ വിമാന റാഞ്ചൽ ഉൾപ്പെടെയുള്ള സന്ദർഭങ്ങളിൽ ഇന്ത്യക്കെതിരേ പ്രവർത്തിച്ച കൊടിയ ഭീകരവാദികൾക്ക് അഭയം നൽകിയ രാഷ്ട്രമാണ് കാനഡ. പക്ഷേ അന്ന് ആഗോള രാഷ്ട്രീയ സമവാക്യങ്ങൾ വ്യത്യസ്തമായിരുന്നു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമായ സാഹചര്യത്തിൽ കാനഡയെ പോലെ ഒരു പ്രധാന പാശ്ചാത്യ രാജ്യത്തിന്റെ പ്രതികരണമില്ലായ്മ പല തരത്തിലുള്ള സംശയങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ഈ സംഭവം ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ എന്തെങ്കിലും ഉലച്ചിലുകൾ സൃഷ്ടിക്കുമോ എന്നും ഇന്ത്യ ഈ നിശബ്ദതയോട് എങ്ങനെയാവും പ്രതികരിക്കുകയെന്നും ലോകം ഉറ്റുനോക്കുകയാണ്.
Discussion about this post