റായ്പൂർ : ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിൽ കമ്മ്യൂണിസ്റ്റ് ഭീകരർക്കെതിരെ ഏറ്റവും വലിയ വേട്ടയുമായി സുരക്ഷാസേന. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) അംഗങ്ങളായ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. കഴിഞ്ഞ 40 മണിക്കൂറായി മേഖലയിൽ 5000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന അന്തർസംസ്ഥാന ഓപ്പറേഷൻ തുടരുകയാണ്.
ഈ മേഖലയിൽ ആദ്യമായാണ് ഇത്രയേറെ സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് കമ്മ്യൂണിസ്റ്റ് ഭീകരർക്കായുള്ള തിരച്ചിൽ വ്യാപകമാക്കുന്നത്. തെലങ്കാന-ഛത്തീസ്ഗഢ് അതിർത്തി പ്രദേശമായ കരേഗുട്ട, നിലം സരായ് എന്നീ കുന്നിൻ പ്രദേശങ്ങൾക്ക് സമീപമുള്ള കമ്മ്യൂണിസ്റ്റ് ഭീകരരുടെ കേന്ദ്രങ്ങൾ ലക്ഷ്യം വച്ചാണ് സുരക്ഷാസേന ഓപ്പറേഷൻ ആരംഭിച്ചത്. ജില്ലാ ഗവേഷണ ഗാർഡ് (DRG), സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (STF), CRPF, എലൈറ്റ് കോബ്ര ഫോഴ്‌സ്, ഛത്തീസ്ഗഢ് സംസ്ഥാനത്തെ ബസ്തർ ഫൈറ്റേഴ്‌സ് എന്നിവർ ചേർന്നാണ് കമ്മ്യൂണിസ്റ്റ് ഭീകര വിരുദ്ധ ദൗത്യം നടത്തുന്നത്.
ബസ്തറിലും സമീപ പ്രദേശങ്ങളിലും സജീവമായ മാവോയിസ്റ്റ് വിഭാഗങ്ങളെ വേരോടെ പിഴുതെറിയുന്നതിനായി ഉന്നത നേതൃത്വത്തെ തന്നെ വേട്ടയാടുക എന്ന ശൈലിയാണ് സുരക്ഷാസേന സ്വീകരിച്ചിട്ടുള്ളത്. മുതിർന്ന മാവോയിസ്റ്റ് നേതാക്കളായ മാണ്ഡ്വി ഹിദ്മയും ദാമോദറും ഈ പ്രദേശത്ത് ഒളിവിൽ കഴിയുന്നതായി ലഭിച്ച വിവരത്തെ തുടർന്നാണ് ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിച്ചത്. ഛത്തീസ്ഗഡ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ഈ ദൗത്യത്തിൽ പങ്കെടുത്തു. ദൗത്യം ഇപ്പോഴും തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.
Discussion about this post