ദിസ്പൂർ : പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയ എംഎൽഎയെ അറസ്റ്റ് ചെയ്ത് അസം പോലീസ്. എഐയുഡിഎഫ് എംഎൽഎ അമിനുൾ ഇസ്ലാം ആണ് അറസ്റ്റിലായത്. ബിഎൻഎസിന്റെ 152, 196, 197(1), 113(3), 352, 353 എന്നീ വകുപ്പുകൾ പ്രകാരം ദേശവിരുദ്ധ പരാമർശങ്ങൾ നടത്തിയതിനും പ്രകോപനം സൃഷ്ടിച്ചതിനും ആണ് അമിനുൾ ഇസ്ലാമിനെതിരെ നാഗോൺ പോലീസ് കേസെടുത്തിരിക്കുന്നത്.
തെറ്റിദ്ധരിപ്പിക്കുന്നതും പ്രകോപനപരവുമായ പ്രസ്താവന ആണ് എംഎൽഎയുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്ന് അസം ഡിജിപി ഹർമീത് സിംഗ് വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തെ ഏതെങ്കിലും തരത്തിൽ പിന്തുണയ്ക്കുകയോ അനാവശ്യ പരാമർശങ്ങൾ നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അസം പോലീസ് അറിയിച്ചിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണം ബിജെപി നടത്തിയ ഗൂഢാലോചന ആണെന്നായിരുന്നു എഐയുഡിഎഫ് എംഎൽഎ അമിനുൾ ഇസ്ലാം അഭിപ്രായപ്പെട്ടിരുന്നത്. അസമിൽ താമസിക്കുന്ന ചിലർ പരോക്ഷമായി പാകിസ്താനെ പിന്തുണയ്ക്കുന്നുണ്ടെന്ന് സംഭവത്തെക്കുറിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അഭിപ്രായപ്പെട്ടു. പ്രകോപനപരമായ പരാമർശങ്ങൾ വഴി വർഗീയ സംഘർഷം സൃഷ്ടിക്കാനും ശത്രുതാപരമായ സാഹചര്യം സൃഷ്ടിക്കാനുമാണ് ഇത്തരക്കാർ ശ്രമിക്കുന്നത് എന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post