റാമല്ല : ഹമാസിനെതിരെ രൂക്ഷ വിമർശനവുമായി പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. നായ്ക്കൾക്കുണ്ടായ മക്കൾ ആണ് ഹമാസ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ബന്ദികളെ വിട്ടു നൽകാതെ ഇസ്രായേലിന് പലസ്തീനെ ആക്രമിക്കുന്നതിനുള്ള അവസരം നൽകുകയാണ് ഹമാസ് ചെയ്യുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹമാസിനെ നിരായുധീകരിക്കുകയാണ് വേണ്ടത് എന്ന് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി. ഗാസ മുനമ്പിൽ ഇസ്രയേൽ വംശഹത്യ നടത്തുകയാണ്. ഗാസ മുനമ്പിനെ ആക്രമിക്കാൻ ഇസ്രായേലിന് ഒരു ഒഴിവുകഴിവാണ് ബന്ദികളെ വിട്ടു നൽകാത്തതിലൂടെ ഹമാസ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച റാമല്ലയിൽ നിന്ന് നടത്തിയ ഒരു ടെലിവിഷൻ പ്രസംഗത്തിൽ ആയിരുന്നു മഹ്മൂദ് അബ്ബാസ് ഹമാസിനെ രൂക്ഷമായി വിമർശിച്ചത്.
ഗാസ മുനമ്പിലെ നിയന്ത്രണം ഹമാസ് അവസാനിപ്പിക്കണം, അതിന്റെ എല്ലാ കാര്യങ്ങളും പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും നിയമാനുസൃതമായ പലസ്തീൻ ദേശീയ അതോറിറ്റിക്കും കൈമാറണം, ആയുധങ്ങൾ കൈവശം വയ്ക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം എന്നും മഹ്മൂദ് അബ്ബാസ് ഹമാസിനോട് ആവശ്യപ്പെട്ടു. ഹമാസിനെതിരെ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ പരസ്യ വിമർശനമാണ് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പ്രസ്താവന. നേരത്തെ ഈജിപ്തും ഹമാസിനെ നിരായുധീകരിക്കാൻ ആഹ്വാനം ചെയ്തിരുന്നു.
Discussion about this post