ചണ്ഡീഗഡ് : ഏപ്രിൽ 22 ന് ജമ്മു-കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ നേവി ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ കുടുംബത്തിന് ആശ്വാസവുമായി ഹരിയാന സർക്കാർ. വിനയ് നർവാളിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകുമെന്നും കുടുംബാംഗങ്ങളിൽ ഒരാൾക്ക് ജോലി നൽകുമെന്നും ഹരിയാന മുഖ്യമന്ത്രി അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായത്തിന് പുറമേയാണ് സംസ്ഥാന സർക്കാരിന്റെ ഈ ധനസഹായം.
തീവ്രവാദികളുടെ ഭീരുത്വപരമായ പ്രവർത്തിയെ ശക്തമായി അപലപിക്കുന്നതായി ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി വ്യക്തമാക്കി. ഏപ്രിൽ 16 ന് ഉത്തരാഖണ്ഡിലെ മുസ്സൂറിയിൽ വെച്ചായിരുന്നു നാവികസേന ഉദ്യോഗസ്ഥനായ വിനയ് നർവാളിന്റെ വിവാഹം നടന്നിരുന്നത്. വിവാഹം കഴിഞ്ഞ് വെറും ആറ് ദിവസത്തിന് ശേഷമാണ് വിനയ് പഹൽഗാമിൽ വെച്ച് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഭാര്യ ഹിമാൻഷിയുടെ കൺമുമ്പിൽ വച്ചായിരുന്നു വിനയ് നർവാളിനെ ഭീകരർ അതിക്രൂരമായി കൊലപ്പെടുത്തിയത്.
2022 ൽ ആണ് വിനയ് നാവികസേനയിൽ ചേർന്നത്. കഴിഞ്ഞ ഒന്നര വർഷമായി കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഏപ്രിൽ 23 ന് ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ അന്ത്യകർമങ്ങൾ ഹരിയാനയിലെ കർണാലിൽ വെച്ച് നടന്നു. ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും അദ്ദേഹത്തിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ നഷ്ടം പരിഹരിക്കാൻ കഴിയാത്തതാണെങ്കിലും കഴിയുന്ന നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചതാണ് ഹരിയാന സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. നർവാളിന്റെ മാതാപിതാക്കളുടെ ആഗ്രഹപ്രകാരം കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ജോലി നൽകുമെന്നും ഹരിയാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
Discussion about this post