ചെന്നൈ: മനുഷ്യാവകാശ ലംഘനത്തിന് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ആകെ 22 രൂപ പിഴ ചുമത്തി തമിഴ്‌നാട് മനുഷ്യാവകാശ കമ്മീഷൻ. 2019ലെ അരപ്പൂർ ഇയക്കം പ്രസ്ഥാനത്തിലെ പ്രവർത്തകർ ഉൾപ്പെട്ട സംഭവത്തിലാണ് മനുഷ്യാവകാശകമ്മീഷൻറെ നടപടി.
ചെന്നൈയ്ക്കടുത്തുള്ള കല്ലുപട്ടി തടാകത്തിന് ചുറ്റുമുള്ള കൈയേറ്റങ്ങൾ അന്വേഷിക്കുകയായിരുന്നു അരപ്പൂർ ഇയക്കം പ്രസ്ഥാനത്തിലെ അംഗങ്ങൾ. ഈ സമയം പ്രദേശത്ത് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന താരാമണി പോലീസ് ഇൻസ്പെക്ടർ ദേവരാജും അസിസ്റ്റൻറ് ഇൻസ്പെക്ടർ കവിതയും പ്രവർത്തകരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. പിന്നീട് ഇവർ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും തടാകത്തിന് സമീപം അനധികൃതമായി ഒത്തുകൂടിയതിനും ആരോപിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
എൻജിഒ അംഗങ്ങൾ ഷോലിംഗനല്ലൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് ശെമ്മാഞ്ചേരി പോലീസ് സ്റ്റേഷനിൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. മറ്റൊരു സംഭവത്തിൽ, ‘യുവർ ഫ്രണ്ട്’ എന്ന പരിപാടിക്കിടെ പ്രവർത്തകർ പോലീസ് ചിഹ്നം ദുരുപയോഗം ചെയ്തതായി പരാതി ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ പെരവല്ലൂർ പോലീസ് ഇൻസ്‌പെക്ടർ ചിട്ടി ബാബു പെരവല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.ഈ സംഭവങ്ങളിൽ ശരിയായ അന്വേഷണം നടത്താതെ കേസ് രജിസ്റ്റർ ചെയ്തതിന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയുടെ കൺവീനർ ജയറാം വെങ്കിടേശൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകുകയായിരുന്നു. പ്രതീകാത്മക പിഴയായി ഓരോ ഉദ്യോഗസ്ഥനും ഒരു രൂപ പിഴ ചുമത്തണമെന്ന് അവർ പാനലിനോട് ആവശ്യപ്പെട്ടു. ഇത് ശരിവച്ചാണ് വിധി.
Discussion about this post