ന്യൂഡൽഹി: ഇന്ത്യക്കെതിരെ പ്രസ്താവനകൾ നടത്തുന്ന പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് മറുപടിയുമായി ഇന്ത്യൻ ബോക്‌സിംഗ് താരം ഗൗരവ് ബിധൂരി. കശ്മീരിലുള്ള എട്ടു ലക്ഷം ഇന്ത്യൻ സൈനികരുടെ പിടിപ്പുകേടു കൊണ്ടാണ് പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായതെന്ന് പരിഹസിച്ച അഫ്രീദിയെ, 1971ൽ 93000 പാക് സൈനികർ ഇന്ത്യയ്ക്കു മുന്നിൽ കീഴടങ്ങിയ ചരിത്രം ഓർമിപ്പിച്ചാണ് ഗൗരവിന്റെ തിരിച്ചടി.
പഹൽഗാമിൽ നടന്ന ആക്രമണത്തിന്റെ ഞെട്ടലിൽനിന്ന് ഇന്ത്യൻ ജനത ഇനിയും പൂർണമായും വിമുക്തരായിട്ടില്ല. ആക്രമണത്തിനു പിന്നാലെ തിരിച്ചടിക്കാനായി ഇന്ത്യൻ ഭരണകൂടം കൈക്കൊള്ളുന്ന നടപടികൾ പാകിസ്താനെ വിറളി പിടിപ്പിക്കുകയാണ്. ഭീകരാക്രമണം തടയാൻ എട്ടു ലക്ഷം ഇന്ത്യൻ സൈനികർക്ക് ഒന്നും ചെയ്യാനായില്ലെന്നാണ് അഫ്രീദി ഒരു അഭിമുഖത്തിൽ പറഞ്ഞത്. അദ്ദേഹത്തെ 1971ലെ കാർഗിൽ യുദ്ധം ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. അന്ന് ഇന്ത്യൻ സൈന്യത്തിനു മുന്നിൽ ആയുധംവച്ച് കീഴടങ്ങിയത് 93,000 പാക് സൈനികരാണ്. അതുകൊണ്ട് ഞങ്ങളുടെ സൈന്യത്തെ കൂടുതലൊന്നും പഠിപ്പിക്കാൻ അഫ്രീദി മിനക്കെടേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്താന്റെ പങ്കിനെക്കുറിച്ച് പറയുമ്പോൾ എന്തിനാണ് തെളിവു ചോദിക്കുന്നത്. പാകിസ്താൻ ഭീകരവാദ സംഘടനകൾക്ക് നൽകുന്ന പിന്തുണ ഈ ലോകത്തിനു മുഴുവൻ അറിയാവുന്നതാണ്. മാത്രമല്ല, പാക്ക് പിന്തുണയുള്ള ലഷ്‌കറെ തയ്ബയുമായി ബന്ധമുള്ള ദ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ളതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post