ബ്യൂണസ് ഐറീസ് : അർജന്റീനയിൽ കനത്ത ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ആണ് ഉണ്ടായത്. തെക്കേ അമേരിക്ക-അർജന്റീന തീരത്ത് ആണ് ഭൂകമ്പം ഉണ്ടായത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, തെക്കൻ അർജന്റീനയിലെ ഉഷുവയയിൽ നിന്ന് 219 കിലോമീറ്റർ തെക്കുള്ള ഡ്രേക്ക് പാസേജിൽ പ്രാദേശിക സമയം ഒരു മണിയോടെ ആണ് ഭൂചലനം അനുഭവപ്പെട്ടത്.
കനത്ത ഭൂകമ്പത്തിന് പിന്നാലെ രണ്ട് തുടർചലനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മേഖലയിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആളുകളെ ഒഴിപ്പിക്കാൻ ഉള്ള നിർദ്ദേശവും സർക്കാർ നൽകി. തീരപ്രദേശ മേഖലകളിൽ ഉള്ളവർ എത്രയും പെട്ടെന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അർജന്റൈൻ നഗരമായ ഉഷുവയയുടെ തീരത്ത് നിന്ന് 219 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ്ജിഎസ് അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള തീരപ്രദേശങ്ങളിൽ, തെക്കൻ അർജന്റീനയുടെയും ചിലിയുടെയും ചില ഭാഗങ്ങൾ ഉൾപ്പെടെ അപകടകരമായ രീതിയിലുള്ള ശക്തമായ തിരമാലകൾ ഉണ്ടാകുമെന്നും അറിയിപ്പുണ്ട്. മഗല്ലൻസ് മേഖലയിലെ തീരപ്രദേശത്തുനിന്ന് എല്ലാവരും ഒഴിഞ്ഞുപോകണമെന്ന് ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറികും ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post