ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുള്ള സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് അറബിക്കടലിൽ ഇന്ത്യൻ നാവികസേന തങ്ങളുടെ ശക്തി പരീക്ഷണങ്ങൾ തുടരുകയാണ്. അറബിക്കടലിൽ വിന്യസിക്കപ്പെട്ടിട്ടുള്ള നാവിക യുദ്ധക്കപ്പലുകൾ അതീവ ജാഗ്രതയിലാണുള്ളത്. ശത്രുക്കളിൽ നിന്നുള്ള ഭീഷണികൾ തടയുന്നതിനായി നിരവധി കപ്പൽ വിരുദ്ധ, വ്യോമ പ്രതിരോധ അഭ്യാസങ്ങൾ നാവികസേന നടത്തിവരികയാണ്.
പാകിസ്താനുമായുള്ള സമുദ്രാതിർത്തി നിരീക്ഷിക്കുന്നതിനായി ഇന്ത്യൻ തീരസംരക്ഷണ സേനയും നാവികസേനയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ശനിയാഴ്ച അറബിക്കടലിൽ വിന്യസിച്ചിരിക്കുന്ന നാവിക കപ്പലുകളിൽ നിന്നും നാവികസേന മിസൈൽ അഭ്യാസങ്ങൾ നടത്തി. ‘നാവിക ശക്തിയുടെ ത്രിശൂലം’ എന്ന് പേരിട്ട ഈ നാവിക അഭ്യാസങ്ങളുടെ ചിത്രങ്ങൾ ഇന്ത്യൻ നാവികസേന തങ്ങളുടെ ഔദ്യോഗിക സമൂഹമാദ്ധ്യമ പേജിൽ പങ്കുവെച്ചിട്ടുണ്ട്.
ഒരു ഉപരിതല കപ്പൽ, ഒരു അന്തർവാഹിനി, ഒരു ഹെലികോപ്റ്റർ എന്നിവയാണ് ഇന്ന് നടന്ന നാവിക അഭ്യാസത്തിൽ പങ്കെടുത്തത്. ഐഎൻഎസ് കൊൽക്കത്ത, ഒരു സ്കോർപീൻ ക്ലാസ് അന്തർവാഹിനി, ഒരു ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ ഇനി 3 ശക്തികൾ ഒന്നിച്ചു ചേർന്ന് നടത്തിയ സംയുക്ത സൈനിക അഭ്യാസം ആയതിനാലാണ് ഇന്ത്യൻ നാവികസേന ഇതിന് നാവിക ശക്തിയുടെ ത്രിശൂലം എന്ന പേര് നൽകിയിരിക്കുന്നത്.
Discussion about this post