ശ്രീനഗർ: കശ്മീർ സ്വദേശിയായ സിആർപിഎഫ് ജവാനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. 41 ാം ബറ്റാലിയനിലെ കോൺസ്റ്റബിളായ മുനീർ അഹമ്മദിനെയാണ് പിരിച്ചുവിട്ടത്. പാകിസ്താൻ യുവതിയുമായുള്ള വിവാഹം മറച്ചുവച്ചതിനും വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തങ്ങാൻ സഹായിച്ചതിനുമാണ് പിരിച്ചുവിടൽ. ജവാന്റെ പ്രവൃത്തി സേനയുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഹാനികരവും എന്ന് കണ്ടെത്തിയിരുന്നു.
ജമ്മു കശ്മീരിൽ സേവനമനുഷ്ഠിക്കുന്ന സിആർപിഎഫ് ഉദ്യോഗസ്ഥനായ അഹമ്മദ്, ഓൺലൈനിലൂടെ പരിചയപ്പെട്ടാണ് പാകിസ്താനിലെ പഞ്ചാബിൽ നിന്നുള്ള മിനൽ ഖാനെ വിവാഹം ചെയ്തത്. 2024 മെയ് മാസത്തിൽ ഓൺലൈൻ നിക്കാഹ് വഴിയാണ് ഇവരുടെ വിവാഹം നടന്നത്. 2025 മാർച്ചിലാണ് ആ സ്ത്രീ ഇന്ത്യയിലെത്തിയത്. എന്നിരുന്നാലും, അവരുടെ ഹ്രസ്വകാല വിസ മാർച്ച് 22 ന് അവസാനിച്ചിട്ടും അവർ ഇന്ത്യയിൽ തന്നെ തുടർന്നു.
തിരികെ പാകിസ്താനിലേക്ക് അയക്കരുതെന്ന് ആവശ്യപ്പെട്ട് ജവാന്റെ ഭാര്യ ജമ്മു കാശ്മീർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതോടെ ജവാന്റെ ഭാര്യക്ക് താത്കാലികമായി ഇന്ത്യയിൽ തുടരാൻ അനുമതി ലഭിക്കുകയും ചെയ്തു. വിഷയം കോടതിയിൽ എത്തിയതോടെയാണ് ജവാനുമായി പാകിസ്താനി യുവതിയുടെ വിവാഹം കഴിഞ്ഞ വിവരം പുറത്തറിയുന്നത്. ഇതിന് പിന്നാലെയാണ് ജവാനെ സേനയിൽ നിന്ന് പിരിച്ചുവിട്ടത്.
Discussion about this post