ന്യൂഡൽഹി : പാക് അധിനിവേശ കശ്മീരിൽ ലഷ്കർ-ഇ-തൊയ്ബ തീവ്രവാദ പരിശീലന ക്യാമ്പ് ഉണ്ടെന്ന് വെളിപ്പെടുത്തുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ആണ് ഈ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. പിഒകെയിൽ സ്ഥിതിചെയ്യുന്ന ഈ ഭീകര പരിശീലന ക്യാമ്പ് ആണ് ഏപ്രിൽ 22 ന് 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിൽ നിർണായക പങ്കുവഹിച്ചത് എന്നാണ് ഇന്ത്യൻ അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്.
മൻസെഹ്‌റ ജില്ലയിലെ അതാർ സിസ എന്ന പട്ടണത്തിലാണ് ഈ ഭീകര പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഈ ക്യാമ്പ് വളരെക്കാലമായി ലഷ്കർ ഇ തൊയ്ബ തീവ്രവാദികളുടെ പ്രധാന പരിശീലന കേന്ദ്രമായി പ്രവർത്തിച്ചുവരികയാണ്. ‘ജംഗൽ മംഗൾ ക്യാമ്പ്’ എന്നാണ് ഈ ക്യാമ്പ് തീവ്രവാദികൾ ക്കിടയിൽ വിശേഷിപ്പിക്കപ്പെട്ടിരുന്നത് എന്നും അന്വേഷണ ഏജൻസികൾ പറയുന്നു.
ഭീകര പരിശീലന ക്യാമ്പിന് സമീപം തന്നെ പാകിസ്താന്റെ ഒരു സൈനിക സ്ഥാപനവും സ്ഥിതിചെയ്യുന്നതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്. പാകിസ്താൻ സൈന്യത്തിൽ നിന്നുള്ള പിന്തുണയും സംരക്ഷണവും ലഷ്‌കർ-ഇ-തൊയ്ബ ഭീകരർക്ക് ലഭിക്കുന്നുണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നത്. ആയുധ പരിശീലനത്തിനും ശാരീരിക പരിശീലനത്തിനും ഉപയോഗിക്കുന്ന ഒരു വലിയ തുറസായ മൈതാനവും ഭീകര പരിശീലന ക്യാമ്പിനോട് ചേർന്നുണ്ട്. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ ഈ ഭീകര ക്യാമ്പിൽ വിവിധ മീറ്റിംഗുകളിൽ പങ്കെടുത്തിരുന്നു എന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുള്ള വിവരം.
Discussion about this post