ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ചു. ഭീകരവാദത്തെ ചെറുക്കുന്നതിൽ ഇന്ത്യക്ക് എല്ലാവിധ പിന്തുണയും റഷ്യൻ പ്രസിഡന്റ് വാഗ്ദാനം ചെയ്തു.
പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ടതിനെ പുടിൻ ശക്തമായി അപലപിച്ചു. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം പുടിൻ പ്രധാനമന്ത്രി മോദിയെ നേരിട്ട് വിളിച്ച് അനുശോചനം അറിയിക്കുകയും ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തത്. ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച ഇരു നേതാക്കളും ഭീകരവാദ ഭീഷണിയെ ഒരുമിച്ച് നേരിടേണ്ടതിൻ്റെ പ്രാധാന്യം സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞു. റഷ്യയുടെ ഭാഗത്തുനിന്നും പൂർണ്ണ സഹകരണവും പിന്തുണയും ഉണ്ടാകുമെന്ന് പുടിൻ ഉറപ്പുനൽകി.
ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ മാർഗങ്ങളും ചർച്ചയായി. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ഉന്നതതല യോഗങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു. റഷ്യൻ പ്രസിഡൻ്റിൻ്റെ ഫോൺ കോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൻ്റെ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് എക്സിലൂടെ ഈ വിവരം അറിയിച്ചത്.
“പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (@narendramodi) വിളിക്കുകയും ഇന്ത്യയിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അദ്ദേഹം അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. ഹീനമായ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
സവിശേഷവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. വിജയദിനത്തിന്റെ (Victory Day) 80-ാം വാർഷികാഘോഷത്തിൽ പ്രധാനമന്ത്രി പുടിന് ആശംസകൾ അറിയിക്കുകയും ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.” എന്നാണ് രൺധീർ ജയ്‌സ്വാൾ ട്വീറ്റ് ചെയ്തത്.
Discussion about this post