ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ 26 പേരുടെ ജീവനെടുത്ത ക്രൂരതയ്ക്ക് ഇന്ത്യ പകരം ചോദിച്ചത് ദിവ്യാസ്ത്രങ്ങളിലൂടെ, പാകിസ്താനിലെ ഭീകരരുടെ കേന്ദ്രങ്ങൾ തകർക്കാനായി സ്‌കാൽപ് മിസൈലുകളാണ് രാജ്യം ഉപയോഗിച്ചത്. റഫേൽ ജെറ്റുകളിൽ നിന്ന് സ്‌കാൽപ് മിസൈലുകളും ഹാമ്മർ മിസൈലുകളുമാണ് സൈന്യം ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന് ഇന്ത്യൻ കരസേനയ്ക്കും വ്യോമസേനക്കുമൊപ്പം നാവിക സേനയും ഓപ്പറേഷൻറെ ഭാഗമായി.
450 കിലോ പോർമുന വഹിച്ച് 300 കിലോമീറ്റർ ദൂരത്തിൽ പ്രഹരിക്കാൻ ശേഷിയുള്ളതാണ് റഫേലിൽനിന്നു തൊടുക്കുന്ന സബ്സോണിക്ക് സ്‌കാൽപ് മിസൈലുകൾ.സമുദ്രനിരപ്പിൽനിന്ന് 4,000 മീറ്റർ ഉയരത്തിലുള്ള ലക്ഷ്യങ്ങൾ തകർക്കാൻ സ്‌കാൽപ് മിസൈലുകൾക്കു ശേഷിയുണ്ട്. പോർവിമാനങ്ങളിൽനിന്ന് ഇവ തൊടുത്താൽ പിന്നീടു നിയന്ത്രിക്കാനോ ലക്ഷ്യം മാറ്റാനോ കഴിയില്ല.
ഹൈലി എജൈൽ മോഡുലാർ മ്യൂണിഷൻ എക്‌സ്റ്റെൻഡഡ് റേഞ്ച്/എഎഎസ്എം അഥവാ ഹാമ്മർ മിസൈലുകൾ 70 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ള ഒരു മീഡിയം-റേഞ്ച് എയർ-ടു-ഗ്രൗണ്ട് പ്രിസിഷൻ-ഗൈഡഡ് ആയുധമാണ്. ഒരു മോഡുലാർ കിറ്റ് ആയി രൂപകൽപ്പന ചെയ്തിരിക്കുന്ന ഇത് 125 കിലോഗ്രാം മുതൽ 1000 കിലോഗ്രാം വരെ ഭാരമുള്ള സ്റ്റാൻഡേർഡ് ബോംബുകളിൽ ഘടിപ്പിക്കാം.
അതേസമയം പുലർച്ചെ 1.44 നടന്ന ഓപ്പറേഷൻ സിന്ദൂർ പാകിസ്താനിലെ ഒൻപത് ഭീകരകേന്ദ്രങ്ങളാണ് സൈന്യം ചാരമാക്കിയത്. ഓപ്പറേഷൻ സിന്ദൂർ എന്നാണ് സൈനിക നടപടിയുടെ പേര്. തിരിച്ചടിക്ക് പിന്നാലെ ‘നീതി നടപ്പാക്കി’യെന്ന് കരസേന പ്രതികരിച്ചു. പാകിസ്താന്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും ഭീകര താവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം വിശദീകരിച്ചു
Discussion about this post