ശ്രീനഗർ : ജമ്മുകശ്മീരിലെ പുൽവാമയിൽ വനത്തിനുള്ളിൽ മലപ്പുറം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കരുവന്തോടി മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. മൃതദേഹത്തിന് 10 ദിവസത്തോളം പഴക്കമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ബാംഗ്ലൂരിൽ ഇലക്ട്രിക്കൽ വയറിംഗ് വിഭാഗത്തിൽ ടെക്നീഷ്യനായി ജോലി ചെയ്ത് വന്നിരുന്ന ആളാണ് മുഹമ്മദ് ഷാനിബ്.
മുഹമ്മദ് ഷാനിബിനെ കുറിച്ചുള്ള വിവരങ്ങൾ സുരക്ഷാസേന അന്വേഷിച്ചു വരികയാണ്. ജോലിക്കായി പോകുകയാണ് എന്ന് പറഞ്ഞാണ് മുഹമ്മദ് ഷാനിബ് വീട്ടിൽ നിന്നും പോയിരുന്നത് എന്നാണ് കുടുംബം വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച രാത്രി ഗുൽമാർഗ് സ്റ്റേഷനിൽ നിന്ന് ഷാനിബിന്റെ കുടുംബത്തെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
മുഹമ്മദ് ഷാനിബ് എങ്ങനെയാണ് ജമ്മുകശ്മീരിൽ എത്തിയതെന്ന് വ്യക്തമല്ല. ഇയാൾ എന്തിനാണ് പുൽവാമയിലെത്തിയത് എന്നും വനമേഖലയിലേക്ക് എങ്ങനെ പ്രവേശിച്ചു എന്നുള്ളതും അജ്ഞാതമാണ്. സംഭവത്തെക്കുറിച്ച് സുരക്ഷാസേന വിശദമായ അന്വേഷണം നടത്തിവരികയാണ്.
Discussion about this post