പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ വിറച്ചിരിക്കുകയാണ് പാകിസ്താൻ. 9 ഭീകരകേന്ദ്രങ്ങളിലാണ് ഇന്ത്യ സംയുക്ത സേനയെ ഉപയോഗിച്ച് മിസൈൽ ആക്രമണം നടത്തിയത്. ഇപ്പോഴിതാ ഇന്ത്യയുടെ മറുപടിക്ക് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്തിരിക്കുകയാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇന്ത്യക്കെതിരെ യുദ്ധഭീഷണിയാണ് ഇതിൽ പ്രധാനം.
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്‌ട്രൈക്കിൽ കൊല്ലപ്പെട്ട ഭീകരരെ രക്തസാക്ഷികൾ എന്ന് വിശേഷിപ്പിച്ചാണ് പാക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. പാകിസ്താന് ഒരടി പിന്നോട്ടില്ലെന്നും തിരിച്ചടി നൽകാൻ ഏതറ്റം വരെയും പോകുമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ചിന്തിയ ഓരോ തുള്ളി രക്തത്തിന് പകരം ചോദിക്കുമെന്നും അത് എങ്ങനെയെന്ന് രാജ്യത്തിന് അറിയാമെന്നും ഷഹബാസ് ഷരീഫ് അവകാശപ്പെട്ടു.
പാക് ദേശീയ അസംബ്ലിയിലും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യക്കെതിരെ യുദ്ധ ഭീഷണി മുഴക്കിയിരുന്നു. ശക്തമായ തിരിച്ചടി കിട്ടിയിട്ടും ഇന്ത്യൻ വിമാനങ്ങൾ തകർത്തുവെന്ന അവകാശവാദമടക്കം നടത്തിയാണ് പാക് പ്രധാനമന്ത്രി പോർവിളി നടത്തിയത്. രാഷ്ട്രീയമായും സാമ്പത്തികമായും ദുർബലമായ രാജ്യത്തിന് തിരിച്ചടിക്ക് ശേഷിയില്ലെന്നും വിലയിരുത്തപ്പെടുന്നു.
ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്‌ട്രൈക്കിൻറെ പശ്ചാത്തലത്തിൽ പാകിസ്താൻ ആക്രമണത്തിന് മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടുവരുമെന്ന് ഇന്ത്യ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദേശ രാജ്യങ്ങളോടടക്കം ഇക്കാര്യത്തിൽ ഇന്ത്യ നിലപാടറിയിച്ചിട്ടുണ്ട്
Discussion about this post