സാധാരണക്കാർ കൊല്ലപ്പെട്ടു എന്ന പാകിസ്താൻറെ അവകാശവാദം തള്ളി ഇന്ത്യ. സാധാരണക്കാരുടെ ശവപ്പെട്ടികളിൽ പാകിസ്താൻ പതാകകൾ പൊതിഞ്ഞ് സംസ്ഥാന ബഹുമതികൾ നൽകി ശവസംസ്കാരം നടത്തുന്നത് വിചിത്രമാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഭീകരവാദികൾക്ക് ഔദ്യോഗിക ശവസംസ്കാരം നൽകുന്നത്, ഒരുപക്ഷേ പാകിസ്താനിൽ ഒരു ആചാരമായിരിക്കാമെന്നും മിസ്രി കൂട്ടിച്ചേർത്തു . ഓപ്പറേഷൻ സിന്ദൂരിൻറെ ഭാഗമായികൊല്ലപ്പെട്ട മൂന്ന് ഭീകരരുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്ന പാകിസ്താൻ സൈനിക ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു വാർത്താസമ്മേളനത്തിൽ വിക്രം മിസ്രി പാകിസ്താന് മറുപടി നൽകിയത്.
‘പാക് പതാകകളിൽ പൊതിഞ്ഞ ശവപ്പെട്ടികൾ’ എന്നായിരുന്നു ചിത്രത്തിന് വിക്രം മിശ്രി വിശേഷണം നൽകിയത്. ഭീകരരുടെ മയ്യത്ത് നമസ്കാരത്തിൽ പാക് സൈനികരുൾപ്പെടെ പങ്കെടുക്കുന്നു എന്ന സന്ദേശമാണ് ഈ ചിത്രം നൽകുന്നത്.
ഈ ആക്രമണങ്ങളിൽ സാധാരണക്കാർ മാത്രം കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ , ഈ ചിത്രം നിങ്ങൾക്കെല്ലാവർക്കും എന്ത് സന്ദേശമാണ് നൽകുന്നതെന്നാണ് എൻറെ ചോദ്യം. നിങ്ങളും ചോദിക്കേണ്ട ഒരു ചോദ്യമാണിത്. സാധാരണക്കാരുടെ ശവപ്പെട്ടികളിൽ പാകിസ്താൻ പതാകകൾ പൊതിഞ്ഞ് സംസ്ഥാന ബഹുമതികൾ നൽകിക്കൊണ്ടാണ് ശവസംസ്കാരം നടത്തുന്നത് എന്നത് വളരെ വിചിത്രമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ കേന്ദ്രങ്ങളിൽ കൊല്ലപ്പെട്ടത് ഭീകരവാദികളാണ്. ഭീകരവാദികൾക്ക് ഔദ്യോഗിക ശവസംസ്കാരം നൽകുന്നത്, ഒരുപക്ഷേ പാകിസ്താനിൽ ഒരു ആചാരമായിരിക്കാം . ഞങ്ങൾക്ക് അത് അത്ര അർത്ഥവത്തായി തോന്നുന്നില്ല,” മിസ്രി കൂട്ടിച്ചേർത്തു.
ഇന്ത്യ മനഃപൂർവ്വം മതകേന്ദ്രങ്ങൾ ആക്രമിച്ചുവെന്ന് പാകിസ്താൻ അവകാശപ്പെടുന്നുണ്ട്. ഈ അവകാശവാദവും തെറ്റാണ്. ഭീകരവാദികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകിയ, ഇന്ത്യയ്ക്ക് നേരെ ആക്രമണം നടത്താനുള്ള തീരുമാനം ഉത്ഭവിച്ച സ്ഥലങ്ങൾ, എന്നിവയായിരുന്നു ഇന്ത്യയുടെ ലക്ഷ്യങ്ങളെന്ന് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. വാസ്തവത്തിൽ, തീവ്രവാദികളെ തീവ്രവാദം നേരിട്ട് പഠിപ്പിക്കാനും, പരിശീലിപ്പിക്കാനും മതപരമായ സ്ഥലങ്ങൾ ദുരുപയോഗം ചെയ്യുന്നത് പാകിസ്താനാണ്,” വിക്രം മിസ്രി വ്യക്തമാക്കി.
ഇന്ത്യൻ സൈനിക ആക്രമണങ്ങളിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരരുടെ ശവസംസ്കാര ചടങ്ങിൽ പാകിസ്താൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെ പങ്കെടുത്തു. ലാഹോറിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള മുറിദ്കെയിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ. ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള നിരോധിത സംഘടനയായ ജമാഅത്ത്-ഉദ്-ദവ (ജെയുഡി) അംഗങ്ങളും ചടങ്ങിൽ സൈനികരോടൊപ്പം പങ്കെടുത്തതായി അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായായാണ് ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’. ഓപ്പറേഷൻ സിന്ദൂരിൽ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ആദ്യം ലക്ഷ്യമിട്ടത്. ഇന്ത്യയുടെ ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടു എന്നാണ് പാകിസ്താൻറെ മുറവിളി. ഇതിന് മറുപടിയായാണ് വിദേശകാര്യ സെക്രട്ടറി ഇന്ന് വാർത്താ സമ്മേളത്തിൽ ചിത്രങ്ങൾ ഉയർത്തിക്കാട്ടി പാകിസ്താനോട് ചോദ്യങ്ങൾ ഉന്നയിച്ചത്. നിരവധി ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ഇല്ലാതാക്കിയതായിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ആവർത്തിച്ചു വ്യക്തമാക്കി.
‘ഓപ്പറേഷൻ സിന്ദൂരി’ന്റെ ഭാഗമായി മുരിദ്കെയിലെ ഭീകര സംഘടനയുടെ ആസ്ഥാനത്ത് നടത്തിയിട്ടുള്ള ആക്രമണത്തിലാണ് ഖാരി അബ്ദുൾ മാലിക്, ഖാലിദ്, മുദാസിർ എന്നീ ഭീകരർ കൊല്ലപ്പെട്ടത്. കർശന സുരക്ഷയിലാണ് ശവസംസ്കാരം നടന്നത്.രാജ്യത്തിന്റെ സുരക്ഷയ്ക്കും വേണ്ടിയുള്ള പ്രാർത്ഥനകളോടെ ഹാഫിസ് അബ്ദുൾ റൗഫിന്റെ നേതൃത്വത്തിലായിരുന്നു മയ്യത്ത് പ്രാർത്ഥന.
Discussion about this post