ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷം കനക്കുന്നതിനിടെ ഐപിഎൽ മത്സരങ്ങൾ റദ്ദാക്കിയതായി റിപ്പോർട്ടുകസുരക്ഷാ കാരണങ്ങളാലാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. അനിശ്ചിതകാലത്തേക്കാണ് മത്സരങ്ങൾ നിർത്തിവച്ചിരിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച ധരംശാലയിൽ നടന്ന പഞ്ചാബ് കിങ്‌സ് – ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ജമ്മുവിലും പത്താൻകോട്ടിലും അപായ സൈറൺ മുഴങ്ങിയതിനു പിന്നാലെ ധരംശാലയിലെ സ്റ്റേഡിയത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. പിന്നാലെ സുരക്ഷ മുൻനിർത്തി മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചു.
സംഘർഷം താരങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രത്യേകിച്ചും വിദേശതാരങ്ങൾക്കിടയിൽ. വിദേശതാരങ്ങൾ പലരും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ബിസിസിഐയെ സന്നദ്ധത അറിയിച്ചതായും സൂചനകളുണ്ട്.
ധരംശാലയിൽ കുടുങ്ങിയ ഡൽഹി, പഞ്ചാബ് ടീമംഗങ്ങളെ പഠാൻകോട്ടിൽനിന്ന് പ്രത്യേക ട്രെയിനിൽ ഡൽഹിയിലെത്തിക്കാനാണ് ബിസിസിഐ ഒരുങ്ങുന്നത്. ടീമംഗങ്ങൾ താമസിക്കുന്ന ഹോട്ടലിനും ഇന്നലെ രാത്രി മുതൽ സുരക്ഷ വർധിപ്പിച്ചു.
Discussion about this post