ന്യൂഡൽഹി: ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാടിനും സമീപകാലത്ത് നടത്തിയ “ഓപ്പറേഷൻ സിന്ദൂറി”നും ലോകരാജ്യങ്ങളിൽ നിന്ന് വ്യാപകമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, സ്വന്തം പൗരന്മാരെ സംരക്ഷിക്കാനും ഭീകര ശൃംഖലകളെ തകർക്കാനുമുള്ള ഇന്ത്യയുടെ അവകാശത്തെ നിരവധി ലോകനേതാക്കൾ പിന്തുണച്ചു. ഭീകരതയെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു.
വിവിധ രാജ്യങ്ങളിലെ നേതാക്കളുടെയും നയതന്ത്ര പ്രതിനിധികളുടെയും പ്രതികരണങ്ങൾ താഴെ നൽകുന്നു:
റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ: “ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് റഷ്യയുടെ പൂർണ്ണ പിന്തുണ. ഈ ഹീനമായ ഭീകരാക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണച്ചവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം.“
ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബറോട്ട്: “ഭീകരതയുടെ വിപത്തിൽ നിന്ന് സ്വയം രക്ഷനേടാനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ ഞങ്ങൾ മനസ്സിലാക്കുന്നു, എന്നാൽ സംഘർഷം വർദ്ധിക്കുന്നത് ഒഴിവാക്കാനും തീർച്ചയായും സാധാരണക്കാരെ സംരക്ഷിക്കാനും ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.”
ജപ്പാൻ വിദേശകാര്യ മന്ത്രി ഇവയ തകേഷി: (ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രിയെ ഫോണിൽ വിളിച്ച്) “കാശ്മീരിലെ ഭീകരാക്രമണത്തിൽ വീണ്ടും ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നു. ഒരു കാരണവശാലും ഭീകരവാദത്തെ ന്യായീകരിക്കാനാവില്ല. എല്ലാത്തരം ഭീകരവാദത്തെയും ജപ്പാൻ ശക്തമായി അപലപിക്കുന്നു. ഈ ഭീകരാക്രമണത്തിലെ കുറ്റവാളികളെക്കുറിച്ച് നീതിയുക്തമായ അന്വേഷണം നടത്തുന്നതും അവരെ ശിക്ഷിക്കുന്നതും പ്രധാനമാണ്.”
ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി: “ഏപ്രിൽ 22-ലെ ഭീകരാക്രമണത്തിൽ ഇന്ത്യയുടെ രോഷം തികച്ചും ന്യായമാണ്. പാകിസ്താൻ അവരുടെ അതിർത്തിക്കുള്ളിലെ ഭീകരവാദികളെ അമർച്ച ചെയ്യാൻ സ്വയം വേണ്ടത് ചെയ്യണം.”
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്: “മറ്റൊരു രാജ്യത്തിൻ്റെ നിയന്ത്രണത്തിലുള്ള ഭൂമിയിൽ നിന്ന് തങ്ങൾക്കെതിരെ ഭീകരാക്രമണങ്ങൾ ഉണ്ടാകുന്നത് ഒരു രാജ്യത്തിനും അംഗീകരിക്കാനാവില്ല. ഭീകരവാദ ശൃംഖലകളെ ആക്രമിക്കുന്നതിൽ ഇന്ത്യയുടെ ഭാഗത്ത് പൂർണ്ണമായും ന്യായമുണ്ട്. ഭീകരർക്ക് ഒരു ശിക്ഷാ ഇളവും ഉണ്ടാകാൻ പാടില്ല.”
അമേരിക്കൻ കോൺഗ്രസ് അംഗം ശ്രീ തനേദാർ: “ഭീകരവാദം ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കാനാവില്ല. അത് ശിക്ഷിക്കപ്പെടാതെ പോകരുത്. തങ്ങളുടെ ജനങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യക്ക് അവകാശമുണ്ട്. തീവ്രവാദ ശൃംഖലകളെ തകർക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഉറച്ച പിന്തുണ.”
ഇസ്രായേൽ അംബാസഡർ റൂവൻ അസാർ: “സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ ഇസ്രായേൽ പിന്തുണയ്ക്കുന്നു. നിരപരാധികൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങളിൽ നിന്ന് ഒളിക്കാൻ ഒരിടവുമില്ലെന്ന് ഭീകരർ അറിഞ്ഞിരിക്കണം.”
മുൻ യുകെ ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ: “പാകിസ്ഥാനിൽ തമ്പടിച്ചിരിക്കുന്ന ഭീകരർ ഇന്ത്യക്കും പാശ്ചാത്യ താൽപ്പര്യങ്ങൾക്കും ഭീഷണിയാണ് – ഒസാമ ബിൻ ലാദൻ ഒളിവിൽ കഴിഞ്ഞിരുന്നത് ആ രാജ്യത്തായിരുന്നു. സ്വയം പ്രതിരോധിക്കാനും തങ്ങളെ ഭീഷണിപ്പെടുത്തുന്ന ഹീനമായ ഭീകരവാദ ശൃംഖലകളെ തകർക്കാനും ഇന്ത്യക്ക് ന്യായമായ നടപടികൾ കൈക്കൊള്ളാൻ അവകാശമുണ്ട്.”
അർമേനിയൻ വിദേശകാര്യ മന്ത്രി അരരത് മിർസോയാൻ: “ഈ സാഹചര്യം വഷളാകാൻ കാരണമായതെന്താണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഞാൻ തുടങ്ങാൻ ആഗ്രഹിക്കുന്നു. ഒരു ഭീകരാക്രമണം നടന്നു… ഒരു പരിഷ്കൃത രാജ്യത്തിനും ഭീകരവാദത്തെ ഒരിക്കലും അംഗീകരിക്കാനോ സ്വാഗതം ചെയ്യാനോ കഴിയില്ല. ഭീകരവാദത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഒരു രാജ്യത്തിൻ്റെ അവകാശത്തെയും നമ്മൾ അംഗീകരിക്കണം.”
നെതർലാൻഡ്സിലെ ഭൂരിപക്ഷ പാർട്ടിയുടെ ചെയർമാൻ എംപി ഗീർട്ട് വൈൽഡേഴ്സ് (എക്സിൽ കുറിച്ചത്): “ഇന്ത്യയെ ഞാൻ സ്നേഹിക്കുന്നു. കശ്മീർ 100% ഇന്ത്യൻ. #PakistanBehindPahalgam (പഹൽഗാമിന് പിന്നിൽ പാകിസ്ഥാൻ).”
പനാമ വിദേശകാര്യ മന്ത്രാലയം: “പഹൽഗാമിലെ ദുഃഖകരമായ നഷ്ടത്തിലും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലും പനാമ റിപ്പബ്ലിക് ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുന്നു.”
Discussion about this post