അബുദാബി : ഇന്ത്യൻ വ്യോമാക്രമണത്തിൽ റാവൽപ്പിണ്ടിയിലെ സ്റ്റേഡിയം തകർന്നു തരിപ്പണമായതോടെ നടന്നുകൊണ്ടിരുന്ന പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങൾ നിർത്തിവെക്കേണ്ടതായി വന്നിരുന്നു. പിഎസ്എൽ മത്സരങ്ങൾ യുഎഇയിൽ വച്ച് നടത്തും എന്നായിരുന്നു വൈകാതെ തന്നെ പാകിസ്താൻ അറിയിച്ചിരുന്നത്. എന്നാൽ പാകിസ്താൻ സൂപ്പർ ലീഗ് (പിഎസ്എൽ) 2025 മത്സരങ്ങൾ രാജ്യത്ത് നടത്താനുള്ള പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ അഭ്യർത്ഥന യുഎഇ നിരസിച്ചു.
യുഎഇയുടെ ക്രിക്കറ്റ് ബോഡിയായ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ആണ് പാകിസ്താന്റെ അപേക്ഷ നിരസിച്ചിട്ടുള്ളത്. പാകിസ്താൻ ബോർഡിന്റെ ‘സഖ്യകക്ഷി’യായി കാണപ്പെടാൻ ആഗ്രഹിക്കാത്തതിനാലാണ് ഈ തീരുമാനം എന്നാണ് യുഎഇ അറിയിക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പിഎസ്എൽ മത്സരങ്ങൾ നടത്താൻ അനുമതി നൽകിയാൽ തങ്ങൾ പാകിസ്താന്റെ പക്ഷം ചേരുകയാണ് എന്ന തെറ്റിദ്ധാരണ ഉണ്ടായേക്കും എന്ന് യുഎഇ ആശങ്കപ്പെടുന്നു.
റാവൽപിണ്ടി, മുൾട്ടാൻ, ലാഹോർ എന്നിവിടങ്ങളിൽ നടക്കാനിരുന്ന അവസാന എട്ട് പിഎസ്എൽ മത്സരങ്ങൾ ആണ് യുഎഇയിൽ നടത്താൻ പിസിബി തീരുമാനിച്ചിരുന്നത്. എന്നാൽ സുരക്ഷാ ആശങ്കകൾ മൂലം പാകിസ്താന്റെ ആവശ്യം ഉൾക്കൊള്ളാൻ കഴിയില്ല എന്നാണ് യുഎഇ അറിയിക്കുന്നത്. ഇന്ത്യയുടെ ബിസിസിഐയുമായി ശക്തമായ ബന്ധം പുലർത്തുന്ന ക്രിക്കറ്റ് ബോർഡ് കൂടിയാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്.
Discussion about this post