അതിർത്തിയിൽ പാകിസ്താൻ പ്രകോപനം അതിരുവിടുന്നതിനിടെ നിർണായക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. ഇന്ത്യക്കെതിരായ ഏത് ഭീകരാക്രമണവും ഇനി യുദ്ധമായി കണക്കാക്കുമെന്നാണ് പാകിസ്താനുള്ള മുന്നറിയിപ്പ്. ഏത് ആക്രമണവും യുദ്ധാഹ്വാനമായി കണക്കാക്കുമെന്നും യുദ്ധത്തിലെന്നപോലെ പ്രതികരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.
സാധാരണക്കാരെ ഒഴിവാക്കി, ഭീകരകേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെ പാകിസ്താൻ അപക്വമായാണ് നേരിടുന്നത്. അതിർത്തിഗ്രാമങ്ങളിലെ സാധാരണക്കാർക്ക് നേരെയും സ്‌കൂൾ,ആശുപത്രികൾ മറ്റ് പൊതുകെട്ടിടങ്ങൾ എന്നിവയ്ക്ക് നേരെയുമാണ് പാകിസ്താന്റെ ഷെല്ലാക്രമണവും,ഡ്രോൺ ആക്രമണവും.
ഭിന്നിപ്പ് ലക്ഷ്യമിട്ടാണ് പാകിസ്താൻ ആക്രമണം നടത്തുന്നതെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ജമ്മുകശ്മീരിലും പഞ്ചാബിലും മതകേന്ദ്രങ്ങൾ ലക്ഷ്യമിട്ടു. അമൃത്സറിലെ സിക്ക് കേന്ദ്രം ആക്രമിച്ചത് ഭിന്നിപ്പിക്കാൻ. ഇന്ത്യയിലെ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാനാണ് പാകിസ്താന്റെ നീക്കമെന്നും കേന്ദ്രം കുറ്റപ്പെടുത്തി. ഇന്ത്യ ഗുരുദ്വാരയ്ക്ക് നേരെ മിസൈലുകൾ പ്രയോഗിച്ചതായി പാകിസ്താൻ ഉദ്യോഗസ്ഥർ ‘അസംബന്ധ’ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് തുടരുകയാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. ഇന്ത്യയെ വിഭജിക്കാനുള്ള ഈ മുടന്തൻ ശ്രമങ്ങൾ പരാജയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post