ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനു കീഴിൽ സൈന്യം പാകിസ്താനിൽ നടത്തിയ ആക്രമണങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ച് ഇന്ത്യൻ സൈന്യം പ്രത്യേക പത്രസമ്മേളനം നടത്തി. മെയ് 7 ന് നടന്ന ഓപ്പറേഷനിൽ ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർക്കുകയും 100 ലധികം ഭീകരരെ കൊലപ്പെടുത്തുകയും ചെയ്തുവെന്ന് സൈന്യം വ്യക്തമാക്കി. ഡിജിഎംഒഎ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായിയുടെയും എയർ മാർഷൽ എ കെ ഭാരതിയുടെയും വൈസ് അഡ്മിറൽ എ എൻ പ്രമോദിന്റെയും മേജർ ജനറൽ എസ് എസ് ഷാർദയുടെയും നേതൃത്വത്തിലായിരുന്നു ഇന്ന് സൈന്യം പ്രത്യേക വാർത്താ സമ്മേളനം നടത്തിയത്.
ഭീകരതയ്ക്ക് നേതൃത്വം നൽകുന്നവരെയും ഭീകരവാദം ആസൂത്രണം ചെയ്യുന്നവരെയും ശിക്ഷിക്കുന്നതിനും അവരുടെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിനുമുള്ള വ്യക്തമായ സൈനിക ലക്ഷ്യത്തോടെയാണ് ‘ഓപ്പറേഷൻ സിന്ദൂർ’ വിഭാവനം ചെയ്തതെന്ന് ഡിജിഎംഒ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് അറിയിച്ചു. ലഷ്കർ-ഇ-തൊയ്ബയുടെ കേന്ദ്രമായ മുരിദ്കെ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളാണ് സൈന്യം ലക്ഷ്യംവെച്ചത്. അജ്മൽ കസബ്, ഡേവിഡ് ഹെഡ്‌ലി തുടങ്ങിയ കുപ്രസിദ്ധ ഭീകരരെ വളർത്തിയെടുത്തതും പരിശീലനം നൽകിയതും മുരിദ്കെ ഭീകര പരിശീലന കേന്ദ്രത്തിൽ ആയിരുന്നു. ഈ ഭീകര കേന്ദ്രം പൂർണമായി തകർത്തതായി രാജീവ് ഘായ് അറിയിച്ചു.
കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ സംയുക്ത ബ്രീഫിംഗ് ആയിരുന്നു ഞായറാഴ്ച വൈകുന്നേരം ഇന്ത്യൻ സൈന്യം നടത്തിയത്. കരസേനയെ പ്രതിനിധീകരിച്ച് ഡിജിഎംഒഎ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്, വ്യോമസേനയെ പ്രതിനിധീകരിച്ച് എയർ മാർഷൽ എ കെ ഭാരതി, നാവികസേനയ്ക്കായി വൈസ് അഡ്മിറൽ എ എൻ പ്രമോദ് എന്നിവരാണ് സംയുക്ത വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. ഇന്ത്യൻ ആക്രമണത്തിൽ യൂസഫ് അസ്ഹർ ഉൾപ്പെടെ നൂറിലധികം ഭീകരർ കൊല്ലപ്പെട്ടതായി സൈന്യം വ്യക്തമാക്കി. ഇനിയും പാകിസ്താൻ വെടിയുതിർത്താൽ ഇന്ത്യ കൂടുതൽ ശക്തമായി പ്രതികരിക്കും. ഓപ്പറേഷൻ സിന്ദൂർ തുടരുമെന്നും ഭീകരവാദത്തിനെതിരെ ഇന്ത്യ അചഞ്ചലമായ നിലപാട് ആണ് സ്വീകരിക്കുന്നത് എന്നും സൈനിക മേധാവിമാർ അറിയിച്ചു.
Discussion about this post