ന്യൂഡൽഹി : ഇന്ത്യ-പാകിസ്താൻ വെടി നിർത്തലിൽ ഇപ്പോഴും അനിശ്ചിതത്വം ഉണ്ടെന്നും ഇന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നും വ്യക്തമാക്കി ഇന്ത്യൻ പ്രതിരോധസേന. ഇന്ത്യ പൂർണ്ണ സജ്ജമായാണ് ഇരിക്കുന്നത്. അടിച്ചാൽ തിരിച്ചടിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം സർക്കാർ സൈന്യത്തിന് നൽകിയിട്ടുണ്ടെന്നും ഡിജിഎംഒ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് വ്യക്തമാക്കി.
പാകിസ്താന്റെ പോർവിമാനങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യ വെടിവെച്ചിട്ടതായും നിരവധി സുപ്രധാനമേഖലകൾ തകർത്തതായും സൈന്യം വ്യക്തമാക്കി. ഇസ്ലാമാബാദിലെ ചക്ലാല, സർഗോധ വ്യോമതാവളം എന്നിവയുൾപ്പെടെയുള്ള പ്രധാന പാകിസ്താൻ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ടതായി ഇന്ത്യൻ സൈന്യവും വ്യോമസേനയും പറഞ്ഞു. ഇവ രണ്ടും പാകിസ്താന്റെ വ്യോമ ശേഷിക്ക് നിർണായകമാണ് എന്നുള്ളതിനാലാണ് ഇന്ത്യ ഇത് ലക്ഷ്യമിട്ടത്. സർഗോധ, ഭുലാരി, ജേക്കബാബാദ് തുടങ്ങിയ മറ്റ് പ്രധാന താവളങ്ങളിൽ ആക്രമണം നടന്നു. ഈ സ്ഥലങ്ങളിലും അതിനപ്പുറത്തുമുള്ള എല്ലാ സംവിധാനങ്ങളെയും ആക്രമിക്കാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്നും ഡിജിഎംഒ അറിയിച്ചു.
ഇന്ത്യൻ ആക്രമണങ്ങളിൽ 40ഓളം പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടതായി പ്രതിരോധ സേന വ്യക്തമാക്കി. ഒരു പാകിസ്താൻ വിമാനത്തെയും ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കാൻ ഇന്ത്യൻ സൈന്യം അനുവദിച്ചിട്ടില്ല. പാകിസ്താന്റെ ഏറ്റവും ആധുനിക വിമാനങ്ങളിൽ പലതും ഇന്ത്യൻ സൈന്യം വെടിവച്ചു വീഴ്ത്തി. തീവ്രവാദികളെ മാത്രം ലക്ഷ്യം വയ്ക്കാനും സാധാരണക്കാർക്കും മറ്റുള്ളവർക്കും നാശനഷ്ടങ്ങൾ സംഭവിക്കുന്നത് തടയാനും ഞങ്ങൾ തീരുമാനിച്ചിരുന്നു. പോർമുഖത്ത് നഷ്ടങ്ങൾ സ്വാഭാവികമാണ്. ഇന്ത്യയുടെ 5 സൈനികർ വീരമൃത്യു വരിച്ചു. എന്നാൽ എല്ലാ ആക്രമണത്തെയും ഇന്ത്യൻ സൈന്യം ശക്തമായി തന്നെ ചെറുത്തു. ഇപ്പോഴും പാകിസ്താന്റെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നും സൈന്യം ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Discussion about this post