ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത പാക് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ പുറത്ത്. ബഹാവൽപുരിലെ മുരിദ്‌കെയിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ ശവസംസ്‌കാരത്തിൽ പാക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്. പാക് പഞ്ചാബിലെ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസും ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.
ലഫ്റ്റനന്റ് ജനറൽ ഫയാസ് ഹുസൈൻ,മേജർ ജനറൽ റാവു ഇമ്രാൻ,അഡ്മിനിസ്‌ട്രേഷനിൽ നിന്നുള്ള ബ്രിഗേഡിയർ മുഹമ്മദ് ഫുർഖാൻ, പാകിസ്താൻ പഞ്ചാബ് നിയമസഭാംഗം ഉസ്മാൻ അൻവർ,മാലിക് സുഹൈബ് അഹമ്മദ് എന്നിവരും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം.
അതേസമയം പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂരിലൂടെ കണക്ക് ചോദിച്ച ഇന്ത്യയുടെ അഭിമാനം വാനോളം ഉയർന്നിരിക്കുകയാണ്. 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ സർജിക്കൽ സ്ട്രൈക്കിലൂടെ ഭസ്മമാക്കിയത്. നൂറിലധികം ഭീകരരെയും ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യയ്ക്ക് വധിക്കാനായി.
ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങൾക്കെല്ലാം ചുക്കാൻ പിടിക്കുന്ന പ്രധാന ഭീകരനേതാക്കളിൽ പലരെയും കൊലപ്പെടുത്താനായി എന്നത് തന്നെയാണ്. സിന്ദൂരിലൂടെ കൊടും ഭീകരനും കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരനുമായ അബ്ദുൽ റൗഫ് അസ്ഹറിനെ വധിച്ചതാണ് ഏറ്റവും പ്രധാനപ്പെട്ടത്.ജെയ്ഷെ മുഹമ്മദ് സ്ഥാപകനും തലവനുമായ മസൂദ് അസ്ഹറിന്റെ സഹോദരനാണ്. ഭീകരസംഘടനയുടെ സുപ്രീംകമാൻഡറാണ് ഇന്ത്യ കൊലപ്പെടുത്തിയ അബ്ദുൽ റൗഫ് അസ്ഹർ.
1.മുദാസർ ഖാദിയാൻ ഖാസ്
ലഷ്‌കർ-ഇ-തൊയ്ബ നേതാവാണ് മുദാസർ ഖാദിയാൻ ഖാസ് എന്നും അബുയെന്നും അറിയപ്പെടുന്ന മുദാസർ.മുരിദ്‌കെയിലെ മർകസ് തയ്ബയുടെ ചുമതലയായിരുന്നു ഇയാൾക്കുണ്ടായിരുന്നത്. പാകിസ്താൻ സൈന്യം ഇയാളുടെ സംസ്‌കാര ചടങ്ങിൽ ഗാർഡ് ഓഫ് ഓണർ നൽകിയിരുന്നു.പാക് ആർമി മേധാവിയും പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസിന്റെ പേരിൽ റീത്ത് വെച്ചു.ആഗോള ഭീകരൻ ഹാഫിസ് അബ്ദുൾ റൗഫിന്റെ നേതൃത്വത്തിൽ ഒരു സർക്കാർ സ്‌കൂളിലാണ് ഈ ഭീകരന്റെ മയ്യത്ത് നിസ്‌കാരം നടന്നത്.പാക് ആർമിയിലെ ഒരു ലെഫ്റ്റനന്റ് ജനറലും പഞ്ചാബ് പോലീസ് ഐജിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
2.ഹാഫിസ് മുഹമ്മദ് ജമീൽ
ജെയ്ഷെ-ഇ-മുഹമ്മദ് ഭീകരനേതാവാണ് ഹാഫിസ് മുഹമ്മദ് ജമീൽ. ഭീകരൻ മൗലാന മസൂദ് അസറിന്റെ മൂത്ത ഭാര്യാസഹോദരൻ.ബഹവൽപൂരിലെ മർകസ് സുബ്ഹാൻ അല്ലയുടെ ചുമതല.യുവാക്കൾക്ക് ഭീകര പരിശീലനം ധനസമാഹരണം ഇതൊക്കെയായിരുന്നു ചുമതല.
3.മുഹമ്മദ് യൂസഫ് അസ്ഹർ
ജെയ്ഷെ-ഇ-മുഹമ്മദ് ഭീകരനേതാവാണ് മുഹമ്മദ് യൂസഫ് അസ്ഹർ എന്ന ഉസ്താദ് ജി. മുഹമ്മദ് സലിം എന്നും ഘോസി സാഹബ് എ്ന്നും ഇയാൾ അറിയപ്പെടുന്നു. ഭീകരൻ മൗലാന മസൂദ് അസറിന്റെ സഹോദരീഭർത്താവ്.ജെയ്ഷെ മുഹമ്മദിനായി ആയുധ പരിശീലനം നൽകുന്ന ആളായിരുന്നു ഈ ഭീകരൻ. ജമ്മു കശ്മീരിലെ ഒന്നിലധികം ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.ഐസി-814 ഹൈജാക്കിംഗ് കേസിൽ തിരയുന്ന ഭീകരനായിരുന്നു.
4. അബു ഖാലിദ്
ലഷ്‌കർ-ഇ-തൊയ്ബ ഭീകരനേതാവാണ് അബു ഖാലിദ്.ജമ്മു കശ്മീരിലെ ഒന്നിലധികം ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.അഫ്ഗാനിസ്ഥാനിൽ നിന്ന് ആയുധങ്ങൾ കടത്തുന്നവരിൽ പ്രധാനിയായ ഇയാളുടെ ഫൈസലാബാദിൽ നടന്ന മയ്യത്ത് നിസ്‌കാരത്തിൽ മുതിർന്ന പാകിസ്താൻ ആർമി ഉദ്യോഗസ്ഥരും ഫൈസലാബാദ് ഡെപ്യൂട്ടി കമ്മീഷണറും പങ്കെടുത്തു.
5. മുഹമ്മദ് ഹസ്സൻ ഖാൻ
ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരനേതാവായ ഇയാൾ, പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ജെയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷണൽ കമാൻഡറായ മുഫ്തി അസ്ഗർ ഖാൻ കശ്മീരിയുടെ മകനാണ്.ജമ്മു & കശ്മീരിലെ ഭീകരാക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു
Discussion about this post