ഹൈദരാബാദ് : 10 ഇന്ത്യൻ ഉപഗ്രഹങ്ങൾ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തന്ത്രപരമായ ആവശ്യങ്ങൾക്കുമായി ഇന്ത്യൻ ഉപഗ്രഹങ്ങൾ 24 മണിക്കൂറും ജോലി ചെയ്യുന്നുണ്ട്. ഉപഗ്രഹ, ഡ്രോൺ സാങ്കേതികവിദ്യകളിലൂടെയാണ് നമുക്ക് പല വിജയവും നേടാൻ കഴിഞ്ഞത് എന്നും വി. നാരായണൻ അഭിപ്രായപ്പെട്ടു.
കേന്ദ്ര കാർഷിക സർവകലാശാലയുടെ (സിഎയു) അഞ്ചാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോൾ ആയിരുന്നു ഐഎസ്ആർഒ ചെയർമാൻ ഇക്കാര്യം പറഞ്ഞത്. നമ്മുടെ 7,000 കിലോമീറ്റർ നീളമുള്ള കടൽത്തീരത്തെ നാം നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കണം. ഇതിന് ഉപഗ്രഹങ്ങൾ നൽകുന്നത് വലിയ സേവനമാണ്. കൃഷി, ടെലി-വിദ്യാഭ്യാസം, ടെലിമെഡിസിൻ, ടെലിവിഷൻ പ്രക്ഷേപണം, കാലാവസ്ഥാ പ്രവചനം, പരിസ്ഥിതി നിരീക്ഷണം, ഭക്ഷ്യസുരക്ഷ, തന്ത്രപരമായ മേഖലകൾ എന്നിവയിൽ നിരവധി ഉപഗ്രഹങ്ങളിലൂടെ ഐഎസ്ആർഒ സാധാരണക്കാർക്ക് സേവനം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരന്തനിവാരണത്തിലും ഉപഗ്രഹങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ബഹിരാകാശ മേഖലയിലെ ഒമ്പത് മേഖലകളിൽ ഇന്ത്യ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ്. 34 രാജ്യങ്ങൾക്കായി കുറഞ്ഞത് 433 ഉപഗ്രഹങ്ങളെങ്കിലും ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച് ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ട്. ഇനി ലോകത്തിലെ ഏറ്റവും ചെലവേറിയതും നൂതനവുമായ എർത്ത്-ഇമേജിംഗ് ഉപഗ്രഹം ഇന്ത്യയും യുഎസും സംയുക്തമായി നിർമ്മിക്കുമെന്നും അത് ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കുമെന്നും വി. നാരായണൻ വ്യക്തമാക്കി.
Discussion about this post