കാന്താര ചാപ്റ്റർ വണ്ണിലെ (കാന്താര 2) പ്രധാന നടനും കന്നഡ- തുളു ടെലിവിഷൻ താരവുമായ രാകേഷ് പൂജാരി (33)യുടെ പെട്ടെന്നുള്ള മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. ഉഡുപ്പിയിൽ സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട മെഹന്ദി ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. കാന്താരയുടെ ചിത്രീകരണത്തിന് ശേഷമാണ് താരം മെഹന്ദി ചടങ്ങിന് പങ്കെടുക്കുന്നതിനായി ഉഡുപ്പിയിലേക്ക് പോയത്. ചിത്രത്തിൽ രാകേഷിന്റെ ഭാഗങ്ങൾ പൂർണമായും ചിത്രീകരിച്ച് കഴിഞ്ഞുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഋഷഭ് ഷെട്ടി നായകനാകുന്ന കാന്താരയ്ക്ക് ചിത്രീകരണം ആരംഭിച്ചത് മുതൽ കഷ്ടകാലമാണെന്നാണ് സിനിമാലോകം ചൂണ്ടിക്കാണിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് ഇതേ സിനിമയിൽ അഭിനയിക്കാൻ പോയ മലയാളി യുവാവ് മുങ്ങി മരിച്ചത്. മേയ് 6ന് ആണ് വൈക്കം സ്വദേശിയായ എം.എഫ്. കപിൽ സൗപർണിക നദിയിൽ വീണ് മരിക്കുന്നത്.തെയ്യം കലാകാരനായ കപിൽ ഒട്ടേറെ ടെലിഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. കപിലിൻറെ മരണത്തോടനുബന്ധിച്ച് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരുന്നു.
കഴിഞ്ഞ നവംബറിൽ കാന്താര 2വിന്റെ മുദൂരിലെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോൾ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടിരുന്നു. 20 പേരാണ് ബസിലുണ്ടായിരുന്നത്. നിരവധി പേർക്ക് പരിക്കേറ്റെങ്കിലും ആളപായം ഉണ്ടായില്ല.അപകടത്തിന് ദിവസങ്ങൾക്കുശേഷം സിനിമയ്ക്കായി നിർമിച്ച വലിയൊരു സെറ്റ് മോശം കാലാവസ്ഥയെത്തുടർന്ന് തകർന്നു. കഴിഞ്ഞ ജനുവരിയിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരും പ്രാദേശിക ഗ്രാമവാസികളും തമ്മിൽ ഏറ്റുമുട്ടിയത് വലിയ സംഘർഷത്തിന് കാരണമായി











Discussion about this post