ജമ്മു കശ്മീർ വിഷയത്തിൽ നിലപാട് മാറ്റമില്ലെന്ന് ആവർത്തിച്ച് ഇന്ത്യ. പ്രശ്നം വഷളാക്കരുതെന്ന പാഠം പാകിസ്താൻ പഠിച്ചെന്നും വെടിനിർത്തൽ കരാർ ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.മേയ് 10ന് പുലർച്ചെ പാകിസ്താന്റെ പ്രധാന വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. തുടർന്നാണ് പാക് വെടിനിർത്തലിന് താൽപര്യം അറിയിച്ച് എത്തിയത്. ഇന്ത്യയുടെ സൈനിക ബലമാണ് പാകിസ്താനെ വെടിനിർത്തണമെന്ന ആവശ്യത്തിലേക്ക് എത്തിച്ചത്.പാക് ഹൈക്കമ്മിഷണറിൽനിന്ന് മേയ് 10ന് ഉച്ചയ്ക്ക് 12.30നാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലത്തിന് ഫോൺകോൾ വരുന്നത്. ആദ്യം ഹോട്ട്‌ലൈനിൽ ആശയവിനിമയം നടത്താൻ പാക്കിന് സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ടു. തുടർന്ന് ഇന്ത്യൻ ഡിജിഎംഒയുടെ സൗകര്യാർഥം വൈകിട്ട് 3.35നാണ് പാകിസ്താൻ ഡിജിഎംഒയുമായി സംസാരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇരു രാജ്യങ്ങളിലെയും സൈനിക ഡിജിഎംഒമാർ തമ്മിൽ മാത്രമാണ് ചർച്ച നടന്നത്. ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ ദീർഘകാലമായ നിലപാട്. ആ നിലപാടിൽ മാറ്റമില്ല. കശ്മീർ സംബന്ധിച്ച് പാകിസ്താനുമായുള്ള ഒരേയൊരു പ്രശ്‌നം, അവർ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശങ്ങൾ ഇന്ത്യയ്ക്ക് തിരികെ നൽകുക എന്നതാണ്.
ഇന്ത്യയുടെ സൈനിക ശേഷി മനസിലാക്കിയാണ് പാകിസ്താൻ പിൻമാറാനാഗ്രഹിച്ചത്. ടിആർഎഫിനെ പാകിസ്താൻ ആഗോള ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടിആർഎഫിനെ നിയന്ത്രിച്ചത് ആരെന്നതിന് തെളിവുണ്ടെന്നും ഇന്ത്യ പറഞ്ഞു. ലഷ്‌കർ ഇ തോയിബയുടെ ഭാഗമാണ് ടിആർഎഫെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു. ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെടും. ഇത് ഭീകരസംഘടനയാണെന്നതിൻറെ തെളിവുകൾ കൈമാറുമെന്നും രൺധീർ ജയ്സ്വാൾ അറിയിച്ചു.
സിന്ധു നദീജലക്കരാർ റദ്ദാക്കിയ തീരുമാനം നിലനിൽക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങളിലുടെ സിന്ധുനദീ ജല കരാറിലെ വ്യവസ്ഥകൾ പാകിസ്താൻ ലംഘിച്ചു. ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നത് പാകിസ്താൻ അവസാനിപ്പിക്കുന്നതു വരെ സിന്ധുനദീ ജല കരാർ ഉടമ്പടി നിർത്തിവയ്ക്കുമെന്ന് വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
ആണവായുധ ബ്ലാക് മെയിലിങ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആണവായുധ ഭീഷണിക്ക് വഴങ്ങുന്നത് പല രാജ്യങ്ങളിലെയും സമാധാന നീക്കങ്ങളെ ബാധിക്കും. അത് സമാന നീക്കങ്ങളിലേക്ക് നയിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post