കൊൽക്കത്ത : കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിമാനത്താവളത്തിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ഇൻഡിഗോ വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്. സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്. കൊൽക്കത്ത-മുംബൈ ഇൻഡിഗോ വിമാനത്തിലെ 6E5227 നമ്പർ വിമാനത്തിലെ യാത്രക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. ഇംഫാലിൽ നിന്ന് മുംബൈയിലേക്ക് കൊൽക്കത്തയിൽ സ്റ്റോപ്പ് ഓവറുമായി യാത്ര ചെയ്തിരുന്ന യുവാവാണ് വിമാനത്തിൽ ബോംബ് ഉണ്ടെന്ന് അവകാശപ്പെട്ടത്. ഉച്ചയ്ക്ക് 1.30 ന് പറന്നുയർന്ന് 4.20 ന് മുംബൈയിൽ ഇറങ്ങേണ്ടതായിരുന്നു ഈ വിമാനം. യാത്രക്കാർ ചെക്ക്-ഇൻ ചെയ്തതിനു ശേഷമാണ് യുവാവ് വിമാനത്തിൽ ബോംബ് ഉള്ളതായി പറയുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു.
അടിയന്തര പ്രോട്ടോക്കോളുകൾ പ്രകാരം, 195 യാത്രക്കാരെയും പുറത്തിറക്കിയതായി വിമാന കമ്പനി അറിയിച്ചു. തുടർന്ന് വിമാനം ഒരു ഐസൊലേഷൻ ബേയിലേക്ക് മാറ്റി. വിമാനത്തിൽ നിന്ന് ലഗേജ് ഇറക്കി സമഗ്രമായ പരിശോധന നടത്തിയതായും ബോംബ് നിർവീര്യ സംഘം സമഗ്രമായ പരിശോധനയ്ക്കായി വിമാനത്തിനുള്ളിൽ പ്രവേശിച്ചതായും വിമാനത്താവള അധികൃതർ അറിയിച്ചു. ഭീഷണി സന്ദേശത്തിന് പിന്നാലെ സിഐഎസ്എഫ് കൊൽക്കത്ത വിമാനത്താവളത്തിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post