ന്യൂഡൽഹി : ഒരുകാലത്ത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ഭീകരവാദത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന കാരെഗുട്ട മലനിരകൾ ഇന്ത്യൻ സൈന്യം തിരിച്ചുപിടിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുൻകാലങ്ങളിൽ പ്രദേശവാസികൾക്ക് പോലും വഴിനടക്കാൻ ഭയമായിരുന്ന ചുവപ്പ് ഭീകരതയുടെ കോട്ടയാണ് കേന്ദ്രസർക്കാർ തകർത്തത്.
ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തിയിൽ സ്ഥിതിചെയ്യുന്ന കാരെഗുട്ട മലനിരകളിലായിരുന്നു രാജ്യത്തിനെതിരെ സായുധ വിപ്ലവത്തിന് ഒരുങ്ങിയിറങ്ങിയിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരരുടെ പ്രധാന ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളും. കഴിഞ്ഞ 21 ദിവസമായി ഇന്ത്യൻ സുരക്ഷാസേന കാരെഗുട്ടയിൽ നക്സൽ മുക്ത ഭാരതം എന്ന ദൗത്യം നിറവേറ്റുകയായിരുന്നു. അടുത്തവർഷം മാർച്ചോടെ ഇന്ത്യയിൽ നിന്നും കമ്മ്യൂണിസ്റ്റ് ഭീകരത തുടച്ചുനീക്കും എന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വാക്കുകൾ അതിന്റെ പൂർണ്ണതയിൽ എത്താൻ ഇനി അധികസമയം ഇല്ല എന്ന സന്ദേശമാണ് ഇപ്പോൾ കാരെഗുട്ടയിൽ നിന്നും പുറത്തു വന്നിരിക്കുന്നത്.
ഇന്ത്യൻ സുരക്ഷാ സേന കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ ദൗത്യത്തിൽ 31 കുപ്രസിദ്ധ നക്സലുകളെ വധിച്ചതായി അമിത് ഷാ അറിയിച്ചു. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിലും ദുർഘടമായ ഭൂപ്രദേശങ്ങളിലും നടത്തിയ 21 ദിവസത്തെ ഓപ്പറേഷനിൽ സുരക്ഷാ ഉദ്യോഗസ്ഥരിൽ ആർക്കും പരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദൗത്യം നിറവേറ്റിയ സിആർപിഎഫ്, എസ്ടിഎഫ്, ഡിആർജി യൂണിറ്റുകളുടെ ധീരതയെ അമിത് ഷാ പ്രശംസിച്ചു. പിഎൽജിഎ ബറ്റാലിയൻ 1, ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി (ഡികെഎസ്ഇസഡ്സി), തെലങ്കാന സ്റ്റേറ്റ് കമ്മിറ്റി (ടിഎസ്സി), സെൻട്രൽ റീജിയണൽ കമാൻഡ് (സിആർസി) എന്നിവയുൾപ്പെടെയുള്ള പ്രധാന നക്സൽ സംഘടനകളുടെ ഏകീകൃത ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കാരെഗുട്ട പിടിച്ചടക്കിയത് ഇന്ത്യയുടെ നക്സൽ വിരുദ്ധ ദൗത്യത്തിന് സുപ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണ്.
Discussion about this post