ഭീകരതയ്ക്ക് വളമിടുന്ന പാകിസ്താനെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ഇന്ത്യ അയക്കുന്ന എംപിമാരുടെ പ്രതിനിധി സംഘത്തിലെ തലവൻമാരിലൊരാളായി കോൺഗ്രസ് എംപി ശശി തരൂരിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. കേന്ദ്രസർക്കാർ രൂപവത്കരിച്ച സർവ്വകക്ഷിപ്രതിനിധിസംഘത്തിലേക്കുള്ള ക്ഷണവും അദ്ദേഹം സ്വീകരിച്ച് കഴിഞ്ഞു. ദേശീയ താൽപര്യമുള്ള വിഷയമായതിനാലും തന്റെ സേവനം ആവശ്യമുള്ള സന്ദർഭമായതിനാലും ക്ഷണം താൻ അഭിമാനത്തോടെ സ്വീകരിക്കുന്നതായി ശശി തരൂർ പ്രതികരിച്ചു
അടുത്തിടെയുണ്ടായ സംഭവങ്ങളെ കുറിച്ച് നമ്മുടെ രാജ്യത്തിന്റെ ഭാഗം അഞ്ച് പ്രധാന രാഷ്ട്രങ്ങളോട് വിശദമാക്കാനുള്ള സർവ്വകക്ഷിപ്രതിനിധിസംഘത്തെ നയിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ക്ഷണത്തിൽ ഞാൻ അഭിമാനിക്കുന്നു. ദേശീയതാൽപ്പര്യം ഉയർന്നുവരികയും എന്റെ സേവനം അനിവാര്യമാവുകയും ചെയ്യുമ്പോൾ അതിനായി കാത്തിരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യില്ല, ജയ്ഹിന്ദ്
കേരളത്തിൽ നിന്ന് ശശി തരൂർ, ഇ.ടി.മുഹമ്മദ് ബഷീർ, ജോൺ ബ്രിട്ടാസ് എന്നീ എംപിമാരും മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും വിവിധ സംഘങ്ങളിലായുണ്ട്. 10 ദിവസത്തെ ദൗത്യത്തിനു മുൻപ് എംപിമാർക്കു വിദേശകാര്യ മന്ത്രാലയം മാർഗനിർദേശം നൽകും. ഗൾഫ് രാജ്യങ്ങളിലേക്കുള്ള സംഘത്തിനു ബിജെപി എംപി രവിശങ്കർ പ്രസാദ് നേതൃത്വം നൽകും. മുൻ മന്ത്രി സൽമാൻ ഖുർഷിദ് ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്കുള്ള സംഘത്തെ നയിക്കും. കനിമൊഴി (ഡിഎംകെ), സുപ്രിയ സുളെ (എൻസിപി), ഏക്‌നാഥ് ഷിൻഡെ (ശിവസേന) എന്നിവരും ഓരോ സംഘങ്ങളെ നയിക്കും.
Discussion about this post