ന്യൂഡൽഹി : ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് വീണ്ടും കനത്ത തിരിച്ചടി. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ പ്രതിപക്ഷ സ്ഥാനം പോലും അനിശ്ചിതത്വത്തിലാക്കിക്കൊണ്ട് ആം ആദ്മി പാർട്ടിയുടെ 13 കൗൺസിലർമാർ പാർട്ടി വിട്ടു. ഡൽഹി കോർപ്പറേഷനിൽ മൂന്നാം മുന്നണി രൂപീകരിക്കുമെന്നും പാർട്ടി കൗൺസിലർമാർ പ്രതികരിച്ചു.
മുകേഷ് ഗോയലിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് ആം ആദ്മി പാർട്ടിയിൽ നിന്നും രാജിവച്ച കൗൺസിലർമാർ പ്രഖ്യാപിച്ചിട്ടുള്ളത്. ‘ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി’ എന്നായിരിക്കും പുതിയ പാർട്ടിയുടെ പേര് എന്നും നേതാക്കൾ അറിയിച്ചു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ മുതിർന്ന കൗൺസിലറായ മുകേഷ് ഗോയൽ പുതിയ പാർട്ടിക്ക് 15 കൗൺസിലർമാരുടെ പിന്തുണ അവകാശപ്പെടുന്നുണ്ട്.
2022ൽ നടന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നതിനുശേഷം ആം ആദ്മി പാർട്ടിയുടെ ഉന്നത നേതൃത്വം അധികാരം ദുർവിനിയോഗം ചെയ്തുവെന്നാണ് വിമത സംഘത്തിന്റെ ആരോപണം. നിലവിൽ പ്രതിപക്ഷത്ത് ആണെങ്കിലും തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുമായി പാർട്ടി നേതൃത്വം യാതൊരുവിധ ആശയവിനിമയവും നടത്താറില്ല എന്നും ആം ആദ്മി പാർട്ടിയിൽ നിന്നും രാജിവെച്ച കൗൺസിലർമാർ അറിയിച്ചു.
Discussion about this post