ന്യൂഡൽഹി : പാകിസ്താന് അകമഴിഞ്ഞ പിന്തുണ നൽകുന്ന തുർക്കിക്കെതിരെ രൂക്ഷ വിമർശനവുമായി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. 22 കോടി മുസ്ലീങ്ങൾ മാന്യമായി ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിലുണ്ട്. തുർക്കി തങ്ങളുടെ നിലപാട് പുനപരിശോധിക്കണം എന്നും ഒവൈസി അഭിപ്രായപ്പെട്ടു.
തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ഇന്ത്യയും തുർക്കിയും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധം തുർക്കി ഭരണകൂടം തിരിച്ചറിയേണ്ടതുണ്ട്. 1990 വരെ ലഡാക്ക് പ്രദേശത്ത് തുർക്കി ഭാഷ പഠിപ്പിച്ചിരുന്നു. അത്രമേൽ ചരിത്രപരമായ ബന്ധമാണ് ഇന്ത്യയും തുർക്കിയും തമ്മിലുള്ളത്. പാകിസ്താൻ ഒരു മുസ്ലീം രാജ്യമാണെന്ന തെറ്റിദ്ധരിപ്പിക്കുന്ന കാരണത്താലാണ് തുർക്കി അവരെ പിന്തുണയ്ക്കുന്നത്. യഥാർത്ഥത്തിൽ പാകിസ്താന് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. പാകിസ്താനിലുള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിലുണ്ട് എന്നും അസദുദ്ദീൻ ഒവൈസി വ്യക്തമാക്കി.
ഇന്ന് പാർലമെന്റിൽ വച്ച് നടന്ന ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ഒവൈസി ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. ഇന്ത്യ-പാകിസ്താൻ സംഘർഷത്തിനുശേഷം പാകിസ്താനെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ തുർക്കിയെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങൾ ഇന്ത്യയിൽ നിന്ന് വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് ഒവൈസിയുടെ തുർക്കിക്കെതിരായ വിമർശനം.
Discussion about this post