ശ്രീനഗർ : ജമ്മുകശ്മീരിൽ പൊതുസുരക്ഷാ നിയമപ്രകാരം രണ്ട് പേർ അറസ്റ്റിൽ. ഭീകരർക്ക് ലോജിസ്റ്റിക് സഹായം ചെയ്ത ആളും ഒരു മോഷ്ടാവുമാണ് പിടിയിലായിട്ടുള്ളത്. സാമൂഹിക വിരുദ്ധർക്കും ദേശവിരുദ്ധർക്കും എതിരായ ശക്തമായ നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. റുസ്തം അലി ബാഗ്‌വാൻ ഹുഞ്ജല, അർഷാദ് ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്.
പൊതുസമാധാനത്തിനും ദേശീയ സുരക്ഷയ്ക്കും ഹാനികരമായ പ്രവർത്തനങ്ങളിൽ ആവർത്തിച്ച് ഏർപ്പെട്ടതായി കണ്ടെത്തിയതിനാൽ ജമ്മു കശ്മീർ പൊതു സുരക്ഷാ നിയമപ്രകാരം കിഷ്ത്വാർ പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റുസ്തം അലി ബാഗ്‌വാൻ ഹുഞ്ജല കിഷ്ത്വാറിലെ സജീവ ഓവർ ഗ്രൗണ്ട് വർക്കർ ആണെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശത്ത് പ്രവർത്തിക്കുന്ന തീവ്രവാദ ഘടകങ്ങൾക്ക് ലോജിസ്റ്റിക് പിന്തുണ നൽകുന്നതിൽ ഇയാളുടെ പങ്ക് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
ജമ്മുകശ്മീരിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഗുരുതരമായ ഭീഷണിയാവുന്നവർക്കെതിരെ കർശന നടപടികളാണ് ഇപ്പോൾ പോലീസ് സ്വീകരിച്ചു വരുന്നത്. പ്രദേശത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ ദീർഘകാല ക്രിമിനൽ പ്രവർത്തനങ്ങളുടെ ചരിത്രമുള്ള ഒരു പതിവ് മോഷ്ടാവാണ് അറസ്റ്റിലായ മറ്റൊരു പ്രതിയായ അർഷാദ് ഹുസൈൻ. പോലീസ് നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചും ഇയാൾ ക്രിമിനൽ, മോഷണ പ്രവർത്തനങ്ങൾ തുടർന്നതാണ് അറസ്റ്റിലേക്ക് വഴിവെച്ചിരിക്കുന്നത്. രണ്ടു പ്രതികളെയും ജയിലിൽ അടയ്ക്കാൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടതായും കിഷ്ത്വാർ പോലീസ് അറിയിച്ചു.
Discussion about this post