ന്യൂഡൽഹി : കുസാറ്റ് ബിടെക് അലുമിനി അസോസിയേഷൻ ദുബായിൽ വെച്ച് നടത്തിയ പരിപാടിയിൽ മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് സ്വീകരണം നൽകിയതിനെതിരെ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ആണ് ദുബായിലെ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പരാതി നൽകിയിട്ടുള്ളത്. കടുത്ത ഇന്ത്യാവിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും ഇന്ത്യൻ സൈനികർക്കെതിരെ പോലും അധിക്ഷേപ പരാമർശങ്ങൾ നടത്തുകയും ചെയ്തിട്ടുള്ള ഷാഹിദ് അഫ്രീദിക്ക് സ്വീകരണം നൽകിയ പ്രവാസി അസോസിയേഷൻ ഭാരവാഹികളുടെ പാസ്പോർട്ട് റദ്ദാക്കണമെന്നാണ് എബിവിപി ആവശ്യപ്പെട്ടിട്ടുള്ളത്.
മെയ് 25ന് ദുബായിൽ വച്ച് നടന്ന പരിപാടിയിലാണ് ഷാഹിദ് അഫ്രീദിക്ക് സ്വീകരണവും ആദരവും നൽകിയിരുന്നത്. മറ്റൊരു പരിപാടിക്ക് ദുബായിൽ എത്തിയിരുന്ന ഷാഹിദ് അഫ്രീദി കുസാറ്റ് ബിടെക് അലുമിനി അസോസിയേഷൻ പരിപാടിയിലും പങ്കെടുക്കുകയായിരുന്നു. സന്തോഷാരവങ്ങളോടെ ആഘോഷപൂർവ്വമാണ് ദുബായിലെ മലയാളികളുടെ ഈ കൂട്ടായ്മ കടുത്ത ഇന്ത്യാവിരുദ്ധനായ അഫ്രീദിയെ വരവേറ്റിരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രാജ്യത്തിന്റെ മുഴുവൻ ഭാഗങ്ങളിൽ നിന്നും രൂക്ഷമായ വിമർശനമാണ് ഈ പ്രവാസി കൂട്ടായ്മക്കെതിരെ ഉയരുന്നത്.
പഹൽഗാം തീവ്രവാദി ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈനികർ കഴിവുകെട്ടവര്‍ ആണെന്ന് സമൂഹമാധ്യമങ്ങളിൽ ഷാഹിദ് അഫ്രീദി പങ്കുവെച്ച പോസ്റ്റ് ഇന്ത്യയിൽ വലിയ വിമർശനത്തിന് കാരണമായിരുന്നു. തുടർന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനും വ്യോമാക്രമണങ്ങൾക്കും ശേഷം ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ പാകിസ്താൻ യുദ്ധം ജയിച്ചതായി പ്രഖ്യാപിച്ച് പാക് തെരുവുകളിലൂടെ ആഹ്ലാദപ്രകടനം നടത്തിയ വ്യക്തി കൂടിയാണ് ഷാഹിദ് അഫ്രീദി. പാകിസ്താനിൽ രാഷ്ട്രീയ പ്രവേശനം ലക്ഷ്യം വെച്ചുകൊണ്ട് കടുത്ത ഇന്ത്യാവിരുദ്ധ നിലപാടുകളാണ് അഫ്രീദി സ്വീകരിക്കുന്നത്. ഇത്തരത്തിലുള്ള ഒരാളെയാണ് മലയാളി പ്രവാസികളുടെ കൂട്ടായ്മ തങ്ങളുടെ പരിപാടിയിൽ പങ്കെടുപ്പിക്കുകയും വേദിയിലേക്ക് സ്വീകരിച്ച് ആദരിക്കുകയും ചെയ്തത്. രാജ്യമെമ്പാടുനിന്നും അതിശക്തമായ വിമർശനമാണ് ഈ സംഭവത്തിനെതിരെ ഇപ്പോൾ ഉയരുന്നത്.
Discussion about this post